ഇടമലയാർ ഡാം
ഇടമലയാർ ഡാം

ഇടമലയാറും മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
Updated on
1 min read

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാര്‍ ഡാം തുറന്നു. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ 25 സെൻ്റീമീറ്റർ വീതമാണ് തുറന്നത്. 50 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ഡോ രേണുരാജ് വ്യക്തമാക്കിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍ഡിആര്‍എഫ് സേനയെ ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അതേസമയം മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും തുറന്നു. നേരത്തെ 10 ഷട്ടറുകളായിരുന്നു തുറന്നത്. രാവിലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. സെക്കന്‍ഡില്‍ 9,237 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 139.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ നീരൊഴുക്ക് ശക്തമായിക്കൊണ്ടിരിക്കുകയാണ്. 10 ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്. 13,383 ഘനയടി വെള്ളമാണ് സെക്കൻ്റിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

ഇടുക്കി ഡാമിലെയും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2386.86 അടിയായി. ഡാമിൻ്റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. അഞ്ച് ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വെള്ളം തുറന്നുവിടാനാണ് സാധ്യത. മലമ്പുഴ ഡാമിലും ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ ഉയർത്താനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- തീരത്തിനും മുകളിലായി നിലനില്‍ക്കുകയാണ്.അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് തീവ്രന്യൂനമർദമാകും. പിന്നീട് ഒഡിഷ - ഛത്തിസ്ഗഢ് മേഖലയിലുടെ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.

മലമ്പുഴ ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഡാമിൻ്റെ 4 ഷട്ടറുകൾ 55 സെൻ്റീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ചെറുതോണി പുഴയിലും ജലനിരപ്പ് ഉയരുകയാണ്.

logo
The Fourth
www.thefourthnews.in