ഇരയുടെ പേര് വെളിപ്പെടുത്തിയാല്‍?
പീഡന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. പേര് വെളിപ്പെടുത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 228 എ പ്രകാരം പീഡന കേസിലെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം. അതിജീവിതയുടെ പേരോ അവരെ തിരിച്ചറിയും വിധമുള്ള പ്രചാരണമോ പാടില്ല. രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്. അടച്ചിട്ട കോടതി മുറികളിലാണ് ഇത്തരം കേസുകള്‍ കേള്‍ക്കുക. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.
അതിജീവിത മരിച്ചാലും പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം അനുശാസിക്കുന്നത്. 18 ല്‍ വയസില്‍ താഴെയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ഇരകളുടേയും പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് നിയമം. പത്രം, ഇലക്ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയില്‍ യാതൊരുവിധത്തിലും പേര് വിവരങ്ങള്‍ നല്‍കരുത്.
അടുത്ത കാലത്ത് പേര് വെളിപ്പെടുത്തിയ ചില കേസുകള്‍
സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. അതില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന മറ്റൊരു കേസ് കൂടി ജയന്തനെതിരെ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യാജപരാതിയാണെന്ന് തെളിഞ്ഞതോടെ, ജയന്തനെതിരായ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ അജു വര്‍ഗീസ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതാണ് മറ്റൊന്ന്. 228 സെക്ഷന്‍ എ എത്ര ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേസ്. അക്രമത്തിന് ഇരയായ നടിക്ക് പിന്തുണയര്‍പ്പിച്ചിട്ട പോസ്റ്റിലാണ് അജു പേര് കൂടി ചേര്‍ത്തത്. എന്നാല്‍, അതും നിയമത്തിന് മുന്നില്‍ ഗുരുതര കുറ്റമാണ്. പിന്നീട് അജുവിന്റെ പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടി സത്യവാങ്മൂലം നല്‍കിയതോടെ കോടതി കേസ് റദ്ദാക്കുകയായിരുന്നു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയും കേസെടുത്തിരുന്നു. പരാതി പുറത്തുവന്നതോടെ, നടിയല്ല താനാണ് ഇര എന്ന് പറഞ്ഞായിരുന്നു വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ പേര് വെളിപ്പെടുത്തിയത് .