ചെറുതോണി ഡാം തുറന്നപ്പോൾ
ചെറുതോണി ഡാം തുറന്നപ്പോൾ

ഇടുക്കി ഡാമിൻ്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ബാണാസുര സാഗർ നാളെയും ഇടമലയാർ ഡാം മറ്റന്നാളും തുറക്കും
Updated on
1 min read

സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ പ്രധാന അണക്കെട്ടുകൾ തുറക്കുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അണക്കെട്ടുകൾ ഘട്ടം ഘട്ടമായി തുറന്നു വിടുന്നത്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഡാമിന്റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. സെക്കൻ്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നു വിടുന്നത്.

ജലനിരപ്പ് റൂൾ കർവ് പരിധി മറികടന്ന സാഹചര്യത്തിലാണ് നടപടി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ്‌ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ എത്തിയതിനാൽ നാളെ രാവിലെ എട്ടിന് ഡാമിൻ്റെ ഷട്ടറുകൾ 10 സെൻ്റീമീറ്റര്‍ തുറക്കും. നിലവിൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി
മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി

ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം ചൊവ്വാഴ്ച രാവിലെ 10ന് തുറക്കും. ഇന്ന് രാത്രി 11ഓടുകൂടി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കാനാണ് സാധ്യത. ആദ്യം 50 ക്യുമെക്സ് വെള്ളവും തുടർന്ന് 100 ക്യുമെക്സ് വെള്ളവുമായിരിക്കും തുറന്നു വിടുക. ഇടമലയാർ ഡാം തുറന്നാൽ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. നിലവിൽ ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴ് മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്താനാണ് സാധ്യത.

ഇടുക്കി- ഇടമലയാർ ഡാമുകളിലെ ജലം പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ, ജനങ്ങൾ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും കളക്ടർ നിർദേശം നല്‍കി. ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ലോവർ പെരിയാറിനു താഴേക്ക് പെരിയാർ നദിയിൽ കാര്യമായി ജലനിരപ്പ് ഉയരാൻ സാധ്യതയില്ല. ജില്ലയിൽ മഴ മാറി നിൽക്കുന്നതിനാൽ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാൾ താഴെയാണെന്നും കളക്ടർ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

പത്തനംതിട്ടയിലെ കക്കി- ആനത്തോട് ഡാമും നാളെ തുറക്കും.ഡാമിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പ ഡാമില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പാ നദീതീരത്ത് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in