'മുതിരപ്പുഴ സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലിഷ് പറഞ്ഞേനെ'; വൈറലായി സര്‍ക്കാര്‍ സ്‌കൂള്‍ പരസ്യം

'മുതിരപ്പുഴ സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലിഷ് പറഞ്ഞേനെ'; വൈറലായി സര്‍ക്കാര്‍ സ്‌കൂള്‍ പരസ്യം

കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തിന് തയാറാക്കിയത് ഡോറാ ബുജിയുടെ പോസ്റ്ററായിരുന്നു
Updated on
2 min read

പുതിയ അധ്യയന വര്‍ഷത്തെ അഡ്മിഷനുവേണ്ടി സ്‌കൂളുകള്‍ പരസ്യം നല്‍കുന്നത് പുതിയ കാര്യമല്ല. കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാനായി സ്കൂളിന്റെ നേട്ടങ്ങളും ഭൗതികസാഹചര്യങ്ങളുമെല്ലാം ഇത്തരം പരസ്യങ്ങളിൽ ഇടംപിടിക്കും. ഈ കാര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍ സ്വകാര്യ സ്ഥാപനങ്ങളാണ് മുന്‍പന്തിയില്‍. എന്നാല്‍ ഒരു സർക്കാർ സ്കൂൾ നൽകിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇടുക്കിയിലെ മുതിരപ്പുഴ ഗവ. എല്‍പി സ്‌കൂളാണ് താരം.

ഹിറ്റ് ചിത്രമായ 'ലേല'ത്തിലെ മലയാളികൾക്കു കാണാപ്പാഠമായ, എംജി സോമന്റെ കഥാപാത്രം പറയുന്ന ഡയലോഗ് കടമെടുത്തുകൊണ്ടുള്ള വാചകങ്ങളാണ് മുതിരപ്പുഴ സ്കൂളിന്റെ അഡ്മിഷൻ പരസ്യത്തെ ശ്രദ്ധേയമാക്കുന്നത്. ''നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റെ അപ്പന്‍. സ്‌കൂളില്‍ വിടാനുള്ള സാമ്പത്തികം ഒന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂള്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ഈപ്പച്ചന്‍ ഇംഗ്ലീഷ് പറഞ്ഞേനെ.. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരെക്കാളും നന്നായി തന്നെ..'' എന്നാണ് ആ പരസ്യ വാചകം.

 മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍
മുതിരപ്പുഴ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തിന് ഡോറാ ബുജിയുടെ പോസ്റ്ററാണ് സ്കൂൾ അധികൃതർ തയ്യാറാക്കിയത്. അത് ഓര്‍ത്തുവച്ച് മുതിരപ്പുഴ സ്‌കൂളില്‍ പോകണമെന്ന് കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നതായി പ്രധാനാധ്യാപിക വി ജ്യോതിലക്ഷ്മി ദ ഫോര്‍ത്തിനോട് പറഞ്ഞു. അന്ന് ആ പോസ്റ്റര്‍ ക്ലാസുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ മാത്രമാണ് ഷെയര്‍ ചെയ്യപ്പെട്ടതെങ്കിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അതിനാലാണ് ഇത്തവണ സിനിമ ഡയലോഗ് ഉപയോഗിച്ചു പരസ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജ്യോതിലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അധ്യാപികയായ ശ്രീപ്രിയയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തത്.

കോവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനായതു മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും പോസ്റ്റര്‍ തയ്യാറാക്കാറുണ്ടായിരുന്നുവെന്നും ഇത്തരത്തിൽ അറിയിക്കുന്ന കാര്യങ്ങള്‍ കുട്ടികളും രക്ഷിതാക്കളും എളുപ്പം ശ്രദ്ധിക്കാറുണ്ടെന്നും ജ്യോതിലക്ഷ്മി പറഞ്ഞു. പോസ്റ്ററിന് ഇത്രയും സ്വീകാര്യത ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ അഡ്മിഷന് കൂടുതല്‍ കുട്ടികളെത്തിയാല്‍ മാത്രമേ തങ്ങളുടെ ഉദ്ദേശിച്ചത് സാധ്യമാവുകയുള്ളൂവെന്നും പ്രധാനാധ്യാപിക പറഞ്ഞു. ഏപ്രില്‍ 17 നാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നത്.

പ്രധാനാധ്യാപിക ജ്യോതിലക്ഷ്മി വി
പ്രധാനാധ്യാപിക ജ്യോതിലക്ഷ്മി വി

നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ പ്രീ പ്രൈമറിയിലടക്കം 40 കുട്ടികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മികവ് കുറവാണെന്ന് പൊതുധാരണയില്‍ രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ക്കാര്‍ വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ മുതിരപ്പുഴ സ്‌കൂളില്‍ പാഠ്യേകര പ്രവര്‍ത്തനങ്ങളിലെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ടെന്നും ജ്യോതിലക്ഷ്മി പറഞ്ഞു.

logo
The Fourth
www.thefourthnews.in