ശമ്പളം ഒന്നിച്ചാണെങ്കില്‍ 15ാം തീയതിയേ നല്‍കാനാകൂ, ഗഡുക്കളെങ്കില്‍ 10ാം തീയതി പകുതിയാകാമെന്ന് കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒന്നിച്ചാണെങ്കില്‍ പതിനഞ്ചാം തീയതി മാത്രമേ നല്‍കാനാകൂവെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഗഡുക്കളായിട്ടാണെങ്കില്‍ പത്തിനകം പകുതി നല്‍കാനാകും. ബാങ്ക് കുടിശികയും മറ്റും അടയ്ക്കാന്‍ എല്ലാ മാസവും ആദ്യയാഴ്ചയില്‍ തന്നെ ശമ്പളം നല്‍കണമെന്ന ജീവനക്കാരുടെ അഭ്യര്‍ഥന മാനിച്ചാണ് ശമ്പളം രണ്ട് ഘട്ടമായി നല്‍കാന്‍ തീരുമാനിച്ചത്.
ശമ്പളം ഒന്നിച്ചു വേണമെന്നുള്ളവര്‍ സര്‍ക്കുലറില്‍ പറയുന്ന വിധത്തിലുള്ള അനുമതി പത്രം അതത് ഡിപ്പോകളിലോ യൂണിറ്റുകളിലോ നല്‍കണം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് 15ന് മുൻപ് ശമ്പളം നല്‍കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ശമ്പളം പല ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി സര്‍ക്കുലറിനെതിരെ ആര്‍ ബാജിയടക്കം ജീവനക്കാര്‍ നല്‍കിയ ഉപഹര്‍ജിയിലാണ് വിശദീകരണം.
പ്രതിമാസ കലക്ഷനായി ലഭിക്കുന്ന 200 കോടി രൂപയില്‍ നിന്ന് ഇന്ധനത്തിന് 104 കോടി വേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസിയുടെ വിശദീകരണത്തില്‍ പറയുന്നു. വായ്പാ തിരിച്ചടവിനത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 30.18 കോടിയും ടയറിനും സ്‌പെയര്‍പാര്‍ട്സിനുമായി 10.50 കോടിയും ഫാസ്റ്റ് ടാഗ്, ടെലിഫോണ്‍ - കറന്റ് ചാര്‍ജിനത്തില്‍ അഞ്ചു കോടിയും ഡ്യൂട്ടി സറണ്ടര്‍, ഇന്‍സെന്റീവ് ഇനത്തില്‍ ഒൻപത് കോടിയും പങ്കാളിത്ത പെന്‍ഷന്‍, എല്‍ഐസി തുടങ്ങിയവയിലേക്ക് 6.35 കോടിയും നല്‍കേണ്ടി വരും. ബാക്കിയുള്ള 35 കോടി രൂപ കൊണ്ട് ശമ്പളത്തിന്റെ 45 -50 ശതമാനം മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് വിശദീകരണം.