പേവിഷബാധ മരണങ്ങൾ കൂടുന്നത് എന്തുകൊണ്ട്? ആറ് മാസത്തിനിടെ മരിച്ചത് 14 പേര്‍
പാലക്കാട്, ശ്രീലക്ഷ്മിയുടെ മരണത്തോടെ സംസ്ഥാനത്തെ പേവിഷ ബാധ ചികിൽസയും കുത്തിവെയ്പ്പും സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് 14 പേരാണ് വിഷബാധയേറ്റ് മരിച്ചത്. ശ്രീലക്ഷ്മിയുടെ മരണ കാരണം പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട പ്രശ്നം കൊണ്ടല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
2020ല്‍ പേവിഷബാധയേറ്റ് മരിച്ചത് അഞ്ച് പേരായിരുന്നുവെങ്കില്‍ 2021 ല്‍ അത് പതിനൊന്നായി ഉയര്‍ന്നു. സൗജന്യവും ഫലപ്രദവുമായ വാക്‌സിന്‍ ലഭ്യമായിരുന്നിട്ടും മരണസംഖ്യ ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മരിച്ചവരില്‍ മൂന്ന് പേര്‍ വാക്‌സിനെടുത്തവരാണെന്നത് വാക്സിന്റെ കാര്യത്തിലും സംശയമുണര്‍ത്തുന്നു.
24 മണിക്കൂറും വാക്‌സിന്‍ ലഭ്യത ഉറപ്പാക്കണമെന്നാണ് WHO യുടെ നിര്‍ദേശം
വാക്‌സിന്‌റെ ഗുണനിലവാരം കുറഞ്ഞതും വാക്‌സിന്‍ സൂക്ഷിക്കുന്നതിലെ അപാകതയും പ്രതിരോധത്തിന് തടസമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിന് ലോകാരോഗ്യ സംഘടന കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തലച്ചോറിലും നട്ടെല്ലിലും വീക്കവും രക്തം കട്ടപിടിക്കുകയും ചെയ്താല്‍ നിര്‍ബന്ധമായും സിറം കുത്തിവെക്കണം. കടിയേറ്റാല്‍ എത്രയും വേഗം വാക്‌സിനെടുക്കുക എന്നതാണ് പ്രധാനം. മെഡിക്കല്‍ കോളജുകളിലും താലൂക്ക് -ജില്ലാ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്. 24 മണിക്കൂറും വാക്‌സിന്‍ ലഭ്യത ഉറപ്പാക്കണമെന്നാണ് WHO യുടെ നിര്‍ദേശം.
വാക്‌സിന്റെ ഗുണമേന്മ പോലെ തന്നെ പ്രധാനമാണ് അവ സൂക്ഷിക്കുന്നതിലെ ജാഗ്രത. ഫ്രിഡ്ജില്‍ രണ്ട് മുതല്‍ എട്ട് വരെ സെൻ്റിഗ്രേഡിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. കൃത്യമായ അളവില്‍ വാക്‌സിന്‍ കുത്തിവെച്ചില്ലെങ്കിലും ചികിത്സയെ ബാധിക്കും. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രകാരം 2.5 മില്ലി ഡോസാണ് കുത്തിവെക്കേണ്ടത്. അതില്‍ പിഴവ് വന്നാല്‍ ആൻ്റിബോഡി രൂപപ്പെടില്ല. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍ ശ്രദ്ധിക്കാത്തത് രോഗപ്രതിരോധത്തിന് തടസമാകുന്നുവെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. പലരും വളര്‍ത്തുമൃഗങ്ങളെ പതിവായി വാക്‌സിനേഷന്‍ ചെയ്യുന്നില്ല. ഈ അശ്രദ്ധ പേവിഷബാധയേറ്റുള്ള മരണത്തിന്‌റെ എണ്ണം കൂട്ടുന്നു.
പാലക്കാട് വാക്‌സിനെടുത്തിട്ടും വിദ്യാര്‍ഥിനി പേവിഷബാധയേറ്റ് മരിച്ചതിന് കാരണം വാക്‌സിനെടുത്തതിലെ അപാകതയല്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ റിപ്പോര്‍ട്ട്.
അതേസമയം, പാലക്കാട് വാക്‌സിനെടുത്തിട്ടും വിദ്യാര്‍ഥിനി പേവിഷബാധയേറ്റ് മരിച്ചതിന് കാരണം വാക്‌സിനെടുത്തതിലെ അപാകതയല്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ റിപ്പോര്‍ട്ട്. വാക്‌സിനെടുത്തിട്ടും ശ്രീലക്ഷ്മിയുടെ ജീവനെടുത്ത ദുരന്തത്തിന്‌റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സ്രവം പരിശോധനയ്ക്ക് അയച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഫലം വരും. ഇതോടെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്നാണ് കരുതുന്നത്.