സിനിമയില്‍ കാണുന്നതല്ല ശരി; അവയവദാനം ഇനി നടക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടോയെന്ന് സംശയം: ഐഎംഎ
അവയവദാനത്തെ ചൊല്ലിയുള്ള വിവാദങ്ങളുടെ പിന്നില്‍ അവയവദാനം ഇനി നടക്കരുതെന്ന് ആഗ്രഹിക്കുന്ന വിഭാഗമുണ്ടോയെന്ന് സംശയിക്കുന്നതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു. അവയദാനത്തില്‍ നിന്ന് ആളുകള്‍ പിന്മാറുന്നത് മൂലം കേരളത്തില്‍ മാത്രം ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കേസിന് പിന്നാലെ പോകേണ്ടി വരുമെന്ന ഭയം മൂലം ബ്രെയിന്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാർക്ക് പേടിയാണെന്നും സുല്‍ഫി നൂഹു 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. സിനിമകളില്‍ കാണുന്നത് പോലെയല്ല അവയവദാനം നടക്കുന്നതെന്ന്, വിമര്‍ശിക്കുന്നവര്‍ മനസിലാക്കണമെന്നും സുല്‍ഫി നൂഹു വ്യക്തമാക്കി.
2009ല്‍ വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്ന പരാതിയില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് കൊല്ലം സ്വദേശി ഡോ.ഗണപതിയുടെ പരാതി.
ബൈക്കപകടത്തില്‍പ്പെട്ട അബിൻ വി ജെയുടെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തത്. കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്‌ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും ദാനം ചെയ്യുകയുമായിരുന്നു.