കുഞ്ഞുനിർവാണിന് പരസഹായം കൂടാതെ ഇരിക്കാം; ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് കുടുംബം
എസ്എംഎ (സ്പൈനല്‍ മസ്കുലാർ അട്രോഫി) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഒന്നരവയസ്സുകാരൻ നിർവാണിന്റെ ആരോഗ്യസ്ഥിതിയിൽ വളരെയധികം പുരോഗതിയുണ്ടെന്ന് കുടുംബം. മരുന്ന് നൽകിയ ശേഷം നിർവാണിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പരസഹായം കൂടാതെ ഇരിക്കാൻ കഴിയുമെന്നും കുടുംബം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
നിർവാണിന്റെ കരളിന്റെ പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങളുണ്ടെന്നും എന്നാൽ ഇതിൽ പേടിക്കേണ്ടതില്ലെന്നുമാണ് ഡോക്ടർമാരുടെ പ്രതികരണം. ചികിത്സയുടെ ഭാഗമായിട്ടുളള മാറ്റമാണുണ്ടായിരിക്കുന്നത്. നൽകിയിരിക്കുന്ന മരുന്നിന്റെ ഫലമറിയാൻ മൂന്നുമാസം മുതൽ ആറുമാസം വരെ സമയമെടുക്കും.
ജനുവരിയിൽ മൂന്നാഴ്ച നീണ്ട നിന്ന പരിശോധനകൾക്ക് ശേഷമാണ് നിർവാണിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂർവ്വരോഗം സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും കുഞ്ഞ് നിർവാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിരുന്നില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് നിർവാണിന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
ഒറ്റത്തവണയായി നല്‍കുന്ന 17.4 കോടി രൂപയുടെ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് കുഞ്ഞ് നിർവാണിന് ആവശ്യമായിരുന്നത്. ചികിത്സയ്ക്കായി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) അജ്ഞാത വ്യക്തി അടക്കം സംഭാവന ചെയ്തതോടെയാണ് ചികിത്സ വേഗത്തിലാക്കിയത്. ചികിത്സ നൽകിയ ശേഷം, മരുന്നിനോട് കുഞ്ഞിന്റെ ശരീരം പ്രതികരിക്കുമെന്നുള്ള വിശ്വാസത്തിലായിരുന്നു മാതാപിതാക്കളായ സാരംഗും അദിതിയും.
ചലച്ചിത്ര, രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നിർവാണിന്റ അവസ്ഥയെക്കുറിച്ച് പോസ്റ്റ് ചെയ്യുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തത്. ജനുവരി മാസത്തോടെ 1.33 കോടി രൂപയാണ് നിര്‍വാണിന്റെ അക്കൗണ്ടിലെത്തിയത്. തുടർന്ന് ഫെബ്രുവരിയോടെ മുഴുവൻ പൈസയും സ്വരൂപിക്കുകയും മരുന്ന് വരുത്തുന്നതിനായുള്ള നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു.