മുളച്ചീന്തില്‍ വിരിയുന്ന വലിയ വലിയ കാര്യങ്ങള്‍; ബിനാലെയില്‍ വിസ്മയമാകാന്‍ 'ഇംപ്രൊവൈസ്'
കൊച്ചി മുസിരിസ് ബിനാലെയില്‍ മുളയും കയറും കൈതോലയും പനമ്പും കൊണ്ട് അദ്ഭുതലോകം തീര്‍ക്കുകയാണ് പ്രശസ്ത കലാകാരന്‍ അസിം വാഖ്വിഫ്. മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസ് വളപ്പില്‍ ഇരുപതടിയിലേറെ ഉയരത്തില്‍ തീര്‍ത്ത 'ഇംപ്രൊവൈസ്' എന്നുപേരിട്ട മുളയില്‍ സാക്ഷാത്കരിച്ച ഇന്‍സ്റ്റലേഷന്‍ കാഴ്ചക്കാർക്ക് വേറിട്ട അനുഭവം പകരും; കലാചാതുരി കൊണ്ടു മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധമായ സംവേദനം കൊണ്ട് കൂടി
മുളയില്‍ തീര്‍ത്ത സംഗീതോപകരണങ്ങളും പ്രകാശം വിന്യസിക്കുന്ന സാമഗ്രികളും മുതല്‍ ഇന്‍സ്റ്റലേഷന്റെ ഇടനാഴിയില്‍ ചാരിയിരുന്ന് ആടാനാകുന്ന ഊഞ്ഞാല്‍ വരെയുണ്ട്. ശില്‍പഭംഗിയാകട്ടെ അനുപമം. പൊതുവെ നിസ്സാരമെന്ന് തള്ളിക്കളയുന്ന മുളയും മറ്റുമൊക്കെ ഇത്രയേറെ പ്രയോജനപ്രദമോ എന്ന് ഒരുവേള ആരും ചിന്തിച്ചു പോകാതിരിക്കില്ല. ഇതുതന്നെയാണ് താന്‍ സൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അസിം വാഖ്വിഫ് പറഞ്ഞു. നാം അവഗണിച്ചു കളയുന്ന വസ്തുക്കളുടെ സാധ്യതകളും പ്രാധാന്യവുമാണ് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി കാര്യങ്ങള്‍ 'ഇംപ്രൊവൈസ്' ആശയത്തിന് പിന്നിലുണ്ട്. സുസ്ഥിരതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പുനരുപയോഗക്ഷമമായ ഊര്‍ജ്ജ സ്രോതസ്, ഇന്ധനോപയോഗം കുറഞ്ഞ ഭക്ഷ്യ സംസ്‌കാരം എന്നിവയെല്ലാമാണ് പുതിയ ആശയങ്ങള്‍ എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം പരമ്പരാഗത ആശയങ്ങളായാണ് താന്‍ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത നാടന്‍ സാങ്കേതിക വിദ്യക്കും സാമഗ്രികള്‍ക്കും അവഗണിക്കാനാകാത്ത സമകാലിക പ്രസക്തിയും പ്രയോജനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക കലയുമായി സാധാരണക്കാരെ അടുപ്പിക്കാനാണ് തന്റെ ശ്രമമെന്നും ഹൈദരാബാദില്‍ ജനിച്ച് ഡല്‍ഹിയില്‍ താമസമാക്കിയ അസിം വാഖ്വിഫ് പറഞ്ഞു. എവിടെ കലാസൃഷ്ടി ആവിഷ്‌കരിക്കുമ്പോഴും തദ്ദേശീയരെ പങ്കാളികളാക്കും. അതുകൊണ്ടുതന്നെ കൊച്ചി മുസിരിസ് ബിനാലെയില്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്നതില്‍ മുഴുവനായും മലയാളികളെയാണ് ഭാഗമാക്കിയത്. പ്രതിഷ്ഠാപന കലാകാരന്‍ എന്നതിന് പുറമെ ശില്‍പിയായും അറിയപ്പെടുന്ന 44കാരനായ അസിം വാഖ്വിഫ് ആര്‍ക്കിടെക്ച്ചര്‍ ബിരുദധാരിയാണ്. പരിസ്ഥിതി, നരവംശ ശാസ്ത്രം, ടിവി - സിനിമ കലാസംവിധാനം എന്നിവയിലും തത്പരനായ വാഖ്വിഫിന്റെ നിരവധി കലാപ്രദര്‍ശനങ്ങള്‍ വിദേശത്തുള്‍പ്പെടെ നടന്നിട്ടുണ്ട്.
നൂറുകണക്കിന് മുളകള്‍ ഉപയോഗിച്ച് രണ്ടാഴ്ച കൊണ്ടാണ് 20 പേര്‍ ചേര്‍ന്ന് 'ഇംപ്രൊവൈസ്' പൂര്‍ത്തീകരിക്കുന്നത്. കലാപ്രവര്‍ത്തകരായ ബിന്ദി രാജഗോപാല്‍, പാലി എന്നിവര്‍ അസിമിന് സഹായികളായി. ദീപ ജോണിന്റെ നേതൃത്വത്തില്‍ കോട്ടപ്പുറം കിറ്റ്സിലെ വനിതകള്‍ കൈതോലയിലെ ചിത്രവേലകള്‍ മെനഞ്ഞു. അലങ്കാരത്തിന് സ്തൂപാകൃതിയില്‍ കുട്ടകള്‍ നെയ്യുന്നതിനു വിദഗ്ധ തൊഴിലാളികളെത്തി. ശില്‍പ ഭംഗി ചോരാതെ മുളകളുടെ കെട്ടിയുയര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയത് വയനാട് കാട്ടിക്കുളം ബെകുര്‍ ആദിവാസി കോളനിയിലെ ബട്ട കുറുമര്‍ ഗോത്രത്തലവനായ എ എന്‍ സോമനാണ്.