കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഒമ്പതിടങ്ങളിലായാണ് ഇന്നലെ ഇഡി റെയ്ഡ് നടത്തിയത്. 150 കോടി രൂപയിലേറെ വരുന്ന തുകയുടെ വെട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നും ഇഡി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ ആദ്യം അറസ്റ്റിലായ സതീഷ് കുമാര്‍, പിപി കിരണ്‍ എന്നിവരെ ഒക്‌ടോബര്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു.
സുനില്‍ കുമാറിന്റെ വീട്ടുവളപ്പില്‍ നിന്ന് 800 ഗ്രാം (100 പവന്‍) സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇഡി കണ്ടെടുത്തത്. തൃശൂര്‍ ഗോസായിക്കുന്നിലെ എസ്.ടി.ജൂവലറി ഉടമയാണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വസതിയിലും ജൂവലറിയിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. പ്രധാനപ്രതികളിലൊരാളായ സതീശന് ഈ ജൂവലറിയില്‍ നേരിട്ട് നിക്ഷേപമുണ്ടെന്ന വിവരം നേരത്തെ ഇഡിക്ക് ലഭിച്ചിരുന്നു.
അനില്‍കുമാറില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന അഞ്ച് വസ്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു. ദീപകിന്റെ താമസസ്ഥലത്ത് നിന്ന് അഞ്ചു കോടി രൂപ വിലമതിക്കുന്ന 19 രേഖകളും ഇഡി പിടിച്ചെടുത്തു. കൂടാതെ, സതീഷ് കുമാര്‍ ഇടപാട് നടത്തിയ 25 ഓളം വസ്തുവകകളുടെ ബിനാമി സ്വത്ത് രേഖകളുടെ രൂപത്തിലുള്ള തെളിവുകള്‍ ആധാരം എഴുത്തുകാരില്‍ നിന്നും കണ്ടെടുത്തുവെന്നും ഇഡി അറിയിച്ചു. സതീശന്‍ അയ്യന്തോള്‍ സഹകരണ ബാങ്ക് വഴിയും പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ ബാങ്കിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.