പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് എഴുപത് ശതമാനം കടന്നു; വെണ്ണക്കരയില്‍ യുഡിഎഫ്- ബിജെപി സംഘര്‍ഷം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് എഴുപത് ശതമാനം കടന്നു; വെണ്ണക്കരയില്‍ യുഡിഎഫ്- ബിജെപി സംഘര്‍ഷം

2021 തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം ആയിരുന്നു പോളിങ്. അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 2021ലേതിനു സമാനമായ പോളിങ് ശതമാനത്തിനാണ് സാധ്യത
Updated on
1 min read

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിക്കവേ പോളിങ് ശതമാനം എഴുപത് കടന്നു. 70.04 ശതമാനം പോളിങ്ങാണ് അവസാനം ലഭിക്കുന്ന വിവരമനുസരിച്ച് രേഖപ്പെടുത്തിയത്. രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്ക്ക് ശേഷമാണ് ശക്തമായത്. പാലക്കാട് നഗരസഭയിലും കണ്ണാടി, പിരിയാരി, മാത്തൂര്‍ എന്നീ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021 തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം ആയിരുന്നു പോളിങ്. അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 2021ലേതിനു സമാനമായ പോളിങ് ശതമാനത്തിനാണ് സാധ്യത.

അതേസമയം, വെണ്ണക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി. സ്ഥാനാര്‍ത്ഥി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുലിനെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇവിടെ കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയ്ത.

എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷമുണ്ടാക്കുകയാണെന്നും തന്നെ ഇരു പാര്‍ട്ടിക്കാരും ചേര്‍ന്നാണ് തടഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. മറ്റ് സ്ഥാനാര്‍ത്ഥികളും പോളിംഗ് ബൂത്തില്‍ എത്തുന്നുണ്ടല്ലോ എന്നും രാഹുല്‍ ചോദിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അയ്യപ്പുരം ഗവ. എല്‍.പി. സ്‌കൂളില്‍ എത്തി രാവിലെ വോട്ട് ചെയ്തു. വികസനത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ എണ്‍പത്തിയെട്ടാം നമ്പര്‍ ബൂത്തിലെ വിവിപാറ്റിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് ഇവിടെയായിരുന്നു വോട്ട്. രാവിലെ അരമണിക്കൂറോളം കാത്തിരുന്ന് അദ്ദേഹം മടങ്ങി. ഉച്ചയ്ക്ക് ശേഷമെത്തി വോട്ട് ചെയ്തു. പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമാണെന്ന് സരിന്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in