ഷാരോണിന്റെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബം
തിരുവനന്തപുരം പാറശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷാരോണ്‍ രാജിന്റെ കുടുംബം നീതി തേടി ഹൈക്കോടതിയിലേക്ക്. ലോക്കല്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. അതേസമയം, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്നുമാണ് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്ന് പാനീയം കുടിച്ചതിനെ തുടര്‍ന്നാണ് ഷാരോണിന്റെ മരണം. അതേസമയം, ഷാരോണിന്റെ സുഹൃത്തായ പെൺകുട്ടി ആരോപണങ്ങള്‍ നിഷേധിച്ചു. താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയത്. വീട്ടില്‍വച്ച് ഷാരോണിന് വിഷമേറ്റിട്ടില്ലെന്നും ഷാരോണിന്റെ സഹോദരന് പെണ്‍കുട്ടി അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.
നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായ ഷാരോൺ രാജ് ഈ മാസം 25നാണ് മരിച്ചത്. പതിനാലാം തീയതിയാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നത്. പെൺകുട്ടി കഷായവും മാംഗോ ജ്യൂസും കുടിക്കാന്‍ കൊടുത്തെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനുശേഷം ഷാരോൺ ഛർദ്ദിച്ച് അവശനായാണ് പുറത്തിറങ്ങി വന്നതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും പറയുന്നു. സുഹൃത്തിനെ പുറത്തുനിർത്തിയാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്.
തിരിച്ച് വീട്ടിലെത്തിയ ശേഷം ഛർദ്ദിയും അവശതകളും കൂടിയതോടെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം തിരിച്ചയച്ചെങ്കിലും തൊട്ടടുത്ത ദിവസം ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. അപ്പോഴേക്കും വായിൽ വ്രണങ്ങൾ രൂപപ്പെട്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം പതുക്കെ തകരാറിലായി. വൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ചതിനെ തുടർന്ന് ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.