പകര്‍ച്ചവ്യാധികള്‍ എന്തിന്റെ സൂചന? പുകഴ്ത്തലില്‍ മറയ്ക്കാനാകുമോ കേരളത്തിലെ പൊതുജനാരോഗ്യത്തകര്‍ച്ച

പകര്‍ച്ചവ്യാധികള്‍ എന്തിന്റെ സൂചന? പുകഴ്ത്തലില്‍ മറയ്ക്കാനാകുമോ കേരളത്തിലെ പൊതുജനാരോഗ്യത്തകര്‍ച്ച

ജീവിതരീതിയിൽ പുലർത്തിപ്പോന്ന സൂക്ഷ്മതയിൽ നിന്ന് കേരളീയർ പിന്നോട്ട് പോകുന്നോ എന്ന സംശയമുണ്ടാക്കുന്നതാണ് മഞ്ഞപ്പിത്തമുൾപ്പെടെ പകർച്ചവ്യാധികൾ ബാധിച്ചവരുടെ എണ്ണത്തിലെ വർധന
Updated on
3 min read

കേരളത്തിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യമാണിപ്പോൾ. കോളറയും ഡെങ്കിപ്പനിയും എലിപ്പനിയും മുതൽ അമീബിക് മസ്തിഷ്ക ജ്വരവും വെസ്റ്റ് നൈലും വരെയുള്ള രോഗങ്ങൾ ജനങ്ങളിൽ ഭീതിയുണര്‍ത്തുന്നു. മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ വാർത്ത ഏറെ ആശങ്കയുയർത്തുന്നതാണ്. കോളറയുൾപ്പെടെയുള്ള പകർച്ചവ്യാധികളിൽ നിന്ന് കേരളം രക്ഷനേടുന്നത് നമ്മുടെ ദൈനംദിന ജീവിതരീതിയിൽ പുലർത്തിപ്പോന്ന ശ്രദ്ധയിലൂടെയാണ്. എന്നാൽ ആ സൂക്ഷ്മതയിൽ നിന്ന് കേരളീയർ പിന്നോട്ട് പോകുന്നോ എന്ന സംശയമുണ്ടാക്കുന്നത് മഞ്ഞപ്പിത്തമുൾപ്പെടെ പകർച്ചവ്യാധികൾ ബാധിച്ചവരുടെ എണ്ണത്തിലെ വർധനയാണ്.

ഈ വർഷം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരുടെ എണ്ണം 12000 ആയി എന്നത് ആശങ്കയുണ്ടാക്കുന്നതായി ഡോക്ടർമാരുടെ സംഘടനയുടെ പ്രതിനിധി ദി ഫോർത്തിനോട് പറഞ്ഞു. പുതിയ രോഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ നമ്മൾ കേട്ടു പഴകിയ രോഗങ്ങൾ മൂർഛിക്കുന്നത് ശ്രദ്ധിക്കാതെ പോവുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് എലിപ്പനിബാധിച്ച് 130ഓളംപേർ മരിച്ചു എന്നതും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരിൽ 50 പേർ മരിച്ചു എന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതും കൂടുതൽ ഗൗരവത്തോടെ കാണേണ്ടതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം രോഗപ്രതിരോധത്തിലും, രോഗം ഭേദമാക്കുന്നതിലും ഏറെ പിന്നാക്കം പോകുന്നു എന്ന വിമർശനമാണ് പ്രമുഖ എപിഡമോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. വി രാമൻകുട്ടി ഉന്നയിക്കുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയും പന്നിപ്പനിയുമുൾപ്പെടെയുള്ള രോഗങ്ങൾ വർധിക്കുന്നത് ആരോഗ്യ സംവിധാനത്തിൽ വരുന്ന നിലവാരത്തകർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ പെട്ടന്ന് പകർച്ചവ്യാധികൾ വർധിക്കാനുള്ള കാരണം പാരിസ്ഥിതികമാകാമെന്നും, കൃത്യമായ കാരണങ്ങളൊന്നും കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ലെന്നും ഡോ രാമൻകുട്ടി പറയുന്നു. കേരളത്തിൽ 2016ൽ ആലപ്പുഴയിലാണ് ആദ്യത്തെ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നുവരെ ആകെ 6 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. അതിൽ മൂന്നെണ്ണവും ഈ വർഷമാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

ഡോ. വി രാമൻകുട്ടി
ഡോ. വി രാമൻകുട്ടി

കേരളത്തിന്റെ പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളി

പഞ്ചായത്തിന്റെ കീഴിലാണ് കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുഴുവൻ. പഞ്ചായത്ത് തലത്തിൽ നമ്മൾ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണെന്നും ഡോ. രാമൻ കുട്ടി പറയുന്നു. മാത്രവുമല്ല ഡോക്ടർമാർക്കിടയിൽ തന്നെ പൊതുജനാരോഗ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നവർ കുറയുന്നതും ഒരു പ്രധാനപ്രശ്നമായി അദ്ദേഹം കാണുന്നു. ഡോക്ടർമാരിൽ മിക്കവരും സ്പെഷ്യലിസ്റ്റുകളാകാനാണ് ശ്രമിക്കുന്നത്. അത് ജോലിയിൽ ഉയർച്ചകൾ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നൽകുകയും ചെയ്യുന്നു. അതിനാൽ പൊതുജനാരോഗ്യം എന്ന മേഖല ഡോക്ടർമാരിൽ തന്നെ താല്പര്യമില്ലാത്ത മേഖലയായി മാറി, ഡോ രാമൻ കുട്ടി പറയുന്നു.

മറ്റുപല സംസ്ഥാനങ്ങളിൽ നിന്നും ഡോക്ടർമാർക്ക് ശമ്പളമുൾപ്പെടെ നൽകി തമിഴ്‌നാട്ടിലെ ദേശീയ കേന്ദ്രത്തിൽ പരിശീലനം നേടാൻ പറഞ്ഞയക്കുന്നു. എന്നാൽ കേരളത്തിൽ നിന്ന് മാത്രമാണ് അത്തരത്തിൽ ഡോക്ടർമാരെ പ്രത്യേക പരിശീലനത്തിന് പറഞ്ഞയക്കാത്തത്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിക് ഉള്ളത് തമിഴ്നാട്ടിലാണ്. അവിടെ കൃത്യമായി പകർച്ചവ്യാധികളെ നേരിടേണ്ട വിധങ്ങളെ കുറിച്ചും, പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള കോഴ്സുകൾ നൽകുന്നുണ്ട്. എന്നാൽ അത്തരം സ്ഥാപനങ്ങളിൽ പോയി പരിശീലനം നേടാൻ മലയാളികളായ ഡോക്ടർമാർ തയ്യാറാകുന്നില്ല എന്നും ഡോ. രാമൻ കുട്ടി പറയുന്നു.

മറ്റുപല സംസ്ഥാനങ്ങളിൽ നിന്ന് ഡോക്ടർമാർക്ക് ശമ്പളമുൾപ്പെടെ നൽകി തമിഴ്‌നാട്ടിലെ ദേശീയ കേന്ദ്രത്തിൽ പരിശീലനം നേടാൻ പറഞ്ഞയക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് മാത്രമാണ് അത്തരത്തിൽ ഡോക്ടർമാരെ പ്രത്യേക പരിശീലനത്തിന് അയയ്ക്കാത്തത്.

പകര്‍ച്ചവ്യാധികള്‍ എന്തിന്റെ സൂചന? പുകഴ്ത്തലില്‍ മറയ്ക്കാനാകുമോ കേരളത്തിലെ പൊതുജനാരോഗ്യത്തകര്‍ച്ച
കോളറ മരണ കാരണമാകുന്നതെങ്ങനെ? വയറിളക്കം നിസാരമാക്കരുത്, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

ഇന്ന് കേരളം ആശങ്കപ്പെടുന്ന അമീബിക് മസ്തിഷ്ക ജ്വരവും എലിപ്പനിയും കോളറയും ജലജന്യ രോഗങ്ങളാണ്. ജലലഭ്യത താരതമ്യേന വളരെ കുറഞ്ഞ സ്ഥലമാണ് തമിഴ്‌നാട്. അതുകൊണ്ടു തന്നെ നിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും അവിടെയുണ്ട്. എന്നിട്ടും തമിഴ്‌നാട് ഈ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നാണ് ഡോക്ടർമാരുടെ സംഘടനാ പ്രതിനിധി അഭിപ്രായപ്പെട്ടത്.

നിലവിൽ ആരോഗ്യമേഖലയിൽ ഫീൽഡ് വർക്ക് ചെയ്യുന്നത് അധ്യാപകരോ, ആശാ വർക്കർമാരോ ഒക്കെയാണ്. കൃത്യമായ പരിശീലനം ലഭിക്കാത്ത ഇവർ ഇത്തരം വിവരശേഖരണത്തിന്റെ ഭാഗമാകുന്നതിന്റെ പ്രശ്നങ്ങളും, ഫീൽഡ് വർക്ക് കൃത്യമായി നടക്കാത്തതും ആരോഗ്യമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഡോ രാമൻകുട്ടി പറയുന്നു. കൃത്യമായി കൂലി ലഭിക്കാതിരിക്കുമ്പോൾ ആശാ വർക്കർമാർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നത് സമഗ്രമായ പദ്ധതികൾ വിഭാവനം ചെയ്യുന്നതിൽ തടസ്സമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മെഡിക്കൽ കോളേജുകൾപോലും നിലവാരത്തകർച്ചയിൽ

മുൻകാലങ്ങളിലുള്ളതുപോലെ ഇന്ന് ആളുകൾക്ക് മെഡിക്കൽ കോളേജുകളിൽ വിശ്വാസമില്ലാതായിരിക്കുന്നു. ഏറ്റവും മികച്ച ചികിത്സ ലഭിച്ചുകൊണ്ടിരുന്ന മെഡിക്കൽ കോളേജുകൾ ഇന്ന് മികച്ച സേവനം നൽകുന്നതിൽ പരാജയപ്പെടുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രികളിലാണ് നൂതന സാങ്കേതികവിദ്യകളും മികച്ച ആരോഗ്യപ്രവർത്തകരുമുള്ളതെന്നും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാണെന്നും ഡോ. രാമൻകുട്ടി പറയുന്നു. 25 മെഡിക്കൽ കോളേജുകൾ സർക്കാർ നിർമിക്കുയും അവിടെയുള്ള ഡോക്ടർമാരെ അഞ്ച് വർഷം കൂടുമ്പോൾ ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുന്നത് നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കില്ല. സ്വകാര്യ മേഖലയിലുള്ള ആശുപത്രിയോട് കിടപിടിക്കുന്ന ആശുപത്രികൾ ഉണ്ടാക്കാൻ സർക്കാരിന് ഇപ്പോഴും സാധിച്ചിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം, അദ്ദേഹം കൂട്ടിച്ചേർത്തു.

"ഏകദേശം ഇരുപത് വർഷം കണക്കാക്കിയാണ് സ്വകാര്യ ആശുപത്രിയിൽ ഒരു സംഘത്തെ തയ്യാറെടുപ്പിക്കുന്നത്. അങ്ങനെയാണ് മികച്ച ഡോക്ടർമാരെ സ്വകാര്യ ആശുപത്രികൾക്ക് സംഭാവന ചെയ്യാൻ സാധിക്കുന്നത്. ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ മെഡിക്കൽ കോളേജുകൾക്കെങ്കിലും സ്വയംഭരണത്തിലേക്ക് വന്നാൽ മാത്രമേ സർക്കാർ മേഖലയിൽ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു"

ഡോ രാമൻകുട്ടി.

പുകഴ്ത്തലുകൾ മാത്രം മതിയോ?

കേരളത്തിലെ ആരോഗ്യ സംവിധാനത്തെ പുകഴ്ത്തുന്നവയാണ് കേരളത്തിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മിക്കവാറും അക്കാദമിക് പേപ്പറുകൾ. ആരും കേരളത്തിലെ ആരോഗ്യ സംവിധാനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പേപ്പറുകൾ അവതരിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ തയ്യാറാകുന്നില്ല എന്നത് ഒരു പ്രധാന പ്രശ്നമാണെന്ന് ഡോക്ടർമാരുടെ സംഘടനാ പ്രതിനിധി പറയുന്നു. ഇതിനൊപ്പം കേരളത്തിലെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന ഫീൽഡ് വർക്കുകൾ കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്.

പകര്‍ച്ചവ്യാധികള്‍ എന്തിന്റെ സൂചന? പുകഴ്ത്തലില്‍ മറയ്ക്കാനാകുമോ കേരളത്തിലെ പൊതുജനാരോഗ്യത്തകര്‍ച്ച
അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരം, കേരളത്തിലേത് ലോകത്തെ രണ്ടാമത്തെ മരണം; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികള്‍

കേരളത്തിലെ പൊതുജനാരോഗ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി സർക്കാർ ആശുപത്രികൾക്ക് സാധാരണക്കാരിലേക്ക് നിലവാരമുള്ള ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നില്ല എന്നതും, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് തുടർന്നുപോന്നിരുന്ന മുൻകരുതലുകളിൽ നിന്ന് കേരളീയർ പതുക്കെ പിന്നോട്ടുപോകുന്നു എന്നതുമാണ്. ഇത്തവണ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരുടെ എണ്ണം 12000ത്തിലേക്കെത്തിയത് ഇതിന്റെ ഫലമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അടിസ്ഥാനപരമായി മലയാളികൾ കാലങ്ങളായി തുടർന്നുപോന്നിരുന്ന ശീലമാണ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക എന്നത്. ആ ശീലത്തിൽ നിന്ന് ജനങ്ങൾ പിന്നോട്ടുപോയതാണ് ജലജന്യരോഗങ്ങൾ ഇത്രയും വർധിക്കാൻ കാരണമെന്നും വിലയിരുത്തുന്നു. വർഷങ്ങൾകൊണ്ട് നമ്മൾ ആരോഗ്യമേഖലയിൽ കൈവരിച്ച നിലവാരം മികച്ചത് തന്നെയാണ്. എന്നാൽ പുകഴ്ത്തലുകൾക്കപ്പുറം സാധാരണക്കാർ കാര്യമായി ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളുടെ ഭൗതികസാഹചര്യം വർധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈദഗ്ധ്യവും നിർമിക്കപ്പെടേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in