ഡൽഹിയിലും മങ്കിപോക്സ്; രോഗബാധിതന്  വിദേശയാത്രാ പശ്ചാത്തലമില്ല

ഡൽഹിയിലും മങ്കിപോക്സ്; രോഗബാധിതന് വിദേശയാത്രാ പശ്ചാത്തലമില്ല

ഇന്ത്യയില്‍ കേരളത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസ്
Updated on
1 min read

ഇന്ത്യയില്‍ വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ മൗലാന അബ്ദുള്‍ കലാം ആശുപത്രിയില്‍ ചികിത്സയിലുള്ള 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മങ്കി പോക്‌സ് കേസാണിത്. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് നേരത്തെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ ആദ്യമായാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്.

അതേസമയം, രോഗിക്ക് വിദേശ പശ്ചാത്തലമില്ലെന്ന കണ്ടെത്തല്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. വിദേശയാത്ര ചെയ്യാത്തയാള്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയേക്കും.

അതേസമയം, മങ്കി പോക്‌സിനെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരില്‍ രോഗം വ്യാപിച്ചതോടെയാണ് ഡബ്ല്യൂഎച്ച്ഒ ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയത്. ലോകത്ത് ഇതുവരെ അഞ്ച് മങ്കിപോക്‌സ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകര്‍ച്ച, രോഗപ്പകര്‍ച്ച രാജ്യാതിര്‍ത്തികള്‍ ഭേദിക്കുമ്പോള്‍, രോഗത്തെ തടയണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോള്‍ തുടങ്ങി മൂന്ന് സാഹചര്യങ്ങള്‍ ചേര്‍ന്ന് വരുമ്പോഴാണ് ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. കോവിഡിനെ ആയിരുന്നു മങ്കി പോക്സിന് മുന്‍പ് ആഗോള പകര്‍ച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

മങ്കി പോക്സിനെ നേരിടാന്‍ കൃത്യവും ശാസ്ത്രീയവുമായ പദ്ധതി തയാറാക്കണമെന്ന് ലോകാരോഗ്യ സംഘടന

മങ്കി പോക്സിനെ നേരിടാന്‍ കൃത്യവും ശാസ്ത്രീയവുമായ പദ്ധതി തയാറാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നത് തടയാന്‍ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തണം. പരിശോധനയ്ക്കും ചികിത്സയ്ക്കും രോഗ സാധ്യതയുള്ളവരില്‍ പ്രതിരോധ വാക്‌സിനേഷന്‍ സംവിധാനം വേണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

logo
The Fourth
www.thefourthnews.in