ശംഖുമുഖത്തെ കടൽ റൺവേ ആശയത്തിന് പുതുജീവൻ; പദ്ധതി കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിക്കും
തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായുള്ള കരട് മാസ്റ്റർ പ്ലാനിൽ വിമാനത്താവളത്തിന് കടലിൽ റൺവേ നിർമ്മിക്കാൻ നിർദേശം . കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന പദ്ധതിരേഖയിലാണ് വിമാനത്താവള വികസനത്തിനായുള്ള നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ൽ തലസ്ഥാന മേഖലാ വികസന പദ്ധതി സമർപ്പിച്ച നിർദേശമാണ് ഇപ്പോൾ വീണ്ടും സജീവ പരിഗണനയിലെത്തുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ എൻവയൺമെന്റൽ എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഐ എൽ ആൻഡ് എഫ് എസ് ടൗൺഷിപ്സ് ആൻഡ് അർബൻ അസെറ്റ്സ് ലിമിറ്റഡും അദാനി പോർട്സും ചേർന്നുളള പ്രാഥമിക പഠനത്തിനു ശേഷമാണു സിആർഡിപി രൂപരേഖ തയാറാക്കിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെ ദക്ഷിണേഷ്യൻ വ്യോമയാന ഹബ് ആക്കി മാറ്റാനുള്ള പദ്ധതിയും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. സിആർഡിപിയുടെ രണ്ടാം ഘട്ടത്തിൽ തയാറാക്കിയ പ്രാഥമിക രൂപരേഖയ്ക്കു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശംഖുമുഖം ബീച്ചിലുണ്ടായ തീരദേശ ശോഷണം കാരണം വിമാനത്താവളത്തിന്റെ റോഡ് സഹിതം അടച്ചിടേണ്ടി വന്നിരുന്നു. കൂടാതെ മൂന്ന് വർഷമായി ജില്ലയിലെ തീരപ്രദേശങ്ങൾ ശക്തമായ തിരമാലകളാൽ തകർന്നിരുന്നു. ഇത് കണക്കിലെടുത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖത്ത് തീരത്തിനു സമാന്തരമായി അഞ്ചര കിലോമീറ്റർ നീളത്തിൽ തീരക്കടലിൽ റൺവേ നിർമിക്കാൻ സിആർഡിപി നിർദേശിച്ചത്.
പദ്ധതി പ്രകാരം വിമാനങ്ങൾക്കുള്ള പാർക്കിങ് ബേ ഉൾപ്പെടെയുള്ളവ നിലവിലുള്ള വിമാനത്താവളത്തിൽ തന്നെയായിരിക്കും. ആഭ്യന്തര - അന്തർദേശീയ സർവീസുകൾക്കായി ഒരു സംയോജിത ടെർമിനലും പദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഇതിനുപുറമെ നിലവിലെ ശംഖുമുഖം റോഡ് വിമാനത്താവളത്തിന്റെ ടാക്സിവേയ്ക്ക് അടിയിലൂടെ കടന്നു പോകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കടൽത്തീരത്ത് റൺവേ നിർമ്മിക്കുന്നതിലൂടെ വിമാനത്താവളം ഭാവിയിൽ വിപുലീകരിക്കാൻ കഴിയുമെന്നും സിആർഡിപി പറയുന്നു. ജപ്പാൻ, ചൈന ഖത്തർ എന്നീ രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ മാതൃകകളും പദ്ധതി രേഖയിൽ സിആർഡിപി ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിൽ 628 ഏക്കർ ഭൂമിയാണ് ശംഖുമുഖം എയർപോർട്ടിനുളളത്. എന്നാൽ വരുന്ന രണ്ടോ മൂന്നോ വർഷത്തിനുളളിൽ ഈ ഭൂമി മതിയാകാതെ വരുമെന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് പുതിയ വിമാനത്താവളത്തിനുള്ള നിർദ്ദേശത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മുതിർന്ന ആർക്കിടെക്റ്റ് എൻ മഹേഷ് ദ ഫോർത്തിനോട് പറഞ്ഞു. "ടാക്സി വേയ്ക്ക് പോലും നിലവിൽ സ്ഥലമില്ല. ഇപ്പോൾ തന്നെ വിമാനത്താവളം യാത്രക്കാർക്ക് ട്രാഫിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. സാറ്റ്ലൈറ്റിനും എം ആർ ഒ യ്ക്കും അടക്കം സ്ഥലപരിമിതി നേരിടുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വരുന്ന മൂന്ന് വർഷത്തിനുളളിൽ നിലച്ചു പോകുമെന്നും" മഹേഷ് കൂട്ടിച്ചേർത്തു.
ഓരോ വർഷവും യാത്രക്കാരുടെ എണ്ണം 12 മുതൽ 13 ശതമാനം വരെ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിലെ വിമാനത്താവളത്തിന്റെ സ്ഥലം തികയാതെ വരും. മാത്രമല്ല അടുത്ത 5 വർഷത്തിനുളളിൽ യാത്രക്കാരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമുണ്ടാകും. എന്നാൽ നിലവിൽ കോർപ്പറേഷന് മുന്നിൽ വച്ചിരിക്കുന്ന പദ്ധതി കൃത്യമായ പഠനം നടത്താതെയാണെന്നും മഹേഷ് പറയുന്നു. വിമാനത്താവളത്തിനായുളള പദ്ധതി മുന്നോട്ടു വയ്ക്കുമ്പോൾ റോഡ്, റെയിൽ, വ്യോമം, ജല ഗാതാഗതം അടക്കം പരിഗണിക്കപ്പെടേണ്ടതുണ്ട്. എന്നാൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നോ സർക്കാരിന്റെ ഭാഗത്ത് നിന്നോ അത്തരത്തിലുളള സഹകരണം ഇക്കാര്യത്തിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് കൊല്ലം മുന്നെ തന്നെ കൊച്ചി സിയാൽ പോലെ ശംഖുമുഖം വിമാനത്താവളത്തെ മാറ്റാനാണ് ലക്ഷ്യമിട്ടിരുന്നത്. നിലവിലുളള 628 ഏക്കർ ഭൂമിയ്ക്ക് പുറമെ 18 ഏക്കർ ഭൂമി കൂടി കിട്ടിയാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയു എന്ന് ഏയർപ്പോർട്ട് യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാനായ രഘുചന്ദ്രൻ നായർ ദ ഫോർത്തിനോട് പറഞ്ഞു. "2021 ഒക്ടോബർ 14ന് ശംഖുമുഖം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം സിംഗപ്പൂരിലെ ഒരു കൺസ്ട്രക്ഷൻ ഗ്രൂപ്പുമായി ചേർന്ന് മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു. ഈ പ്ലാൻ വരുന്ന അൻപത് വർഷത്തെ മുന്നിൽ കണ്ടാണ് അദാനി ഗ്രൂപ്പ് തയാറാക്കിയിരിക്കുന്നത്. എന്നാൽ നഗരാസൂത്രണ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്ന പ്ലാൻ പ്രകാരം ഭാവിയിൽ ഒരു വിമാനത്താവളം ശംഖുമുഖത്ത് വേണമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും സർക്കാരിന് നിലവിലെ വിമാനത്താവളത്തിന്റെ അവസ്ഥകളൊന്നും തന്നെ അറിയില്ലെന്നും" രഘുചന്ദ്രൻ നായർ പറഞ്ഞു.
"വിമാനത്താവളം നിർമ്മിക്കുമ്പോൾ കണക്കിലെടുക്കേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പദ്ധതിയുമായി അധികൃതർ മുന്നോട്ട് പോകുന്നത്. ജനസംഖ്യ നിരക്ക് കുറഞ്ഞ സ്ഥലമാണ് പ്രധാനമായും തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ നോക്കിയപ്പോൾ ബോണക്കാട് പോലെയുളള പൂട്ടിക്കിടക്കുന്ന പ്രദേശമാണ് ഞങ്ങൾ അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ മുന്നിൽ വച്ചത്. ഇതിന് 1400 ഏക്കർ ഭൂമിയെങ്കിലും വേണമായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പ് വന്നപ്പോൾ കാര്യങ്ങൾ പാടേ മാറി. ഇപ്പോൾ എടുത്തിരിക്കുന്ന 18 ഏക്കർ ഭൂമിയിൽ താമസിച്ച് വരുന്നവർക്കാവശ്യമായ തുക നൽകാൻ അദാനി ഗ്രൂപ്പ് തയാറായി മുന്നോട്ട് വന്നെങ്കിലും പദ്ധതിയിൽ വിശദമായ പഠനം ആവശ്യമാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. എന്നാൽ എത്രയും വേഗം നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഞങ്ങളുടെ വിമാനത്താവളത്തിന് വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയില്ലെന്നും" രഘുചന്ദ്രൻ നായർ കൂട്ടിച്ചേർത്തു.
അതേ സമയം ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കരട് മാസ്റ്റർ പ്ലാൻ കോർപ്പറേഷന്റെ കൗൺസിലിൽ അവതരിപ്പിക്കാൻ വേണ്ടിയുളള നിർദേശം മാത്രമാണെന്നാണ് അധികൃതർ പറയുന്നത്. ഇത് നഗരസഭ അംഗീകരിക്കുമ്പോൾ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്നും നഗരാസൂത്രണ വകുപ്പ് വ്യക്തമാക്കി.