'സമ്മോഹന' ദൃശ്യ വിരുന്ന്; ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലാമേള
ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ കലാമേള വേറിട്ട അനുഭവമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കലാകാരന്മാരാണ് സമ്മോഹന്റെ ഭാഗമാകുന്നത്. പാട്ടും നൃത്തവും മിമിക്രിയും നാടകവുമൊക്കെയായി അവര്‍ ആഘോഷിക്കുകയാണ്. ഭിന്നശേഷി കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പരിഭോഷിപ്പിക്കാനുമുള്ള വേദിയൊരുക്കുകയാണ് സമ്മോഹനിലൂടെ.
രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കലാമേളയില്‍ നിരവധി കുട്ടികള്‍ പങ്കാളികളായി. എന്നാല്‍ കലാമേളയുടെ മുഴുവന്‍ ശ്രദ്ധയും ഒരൊറ്റ നാടകത്തിലൂടെ നേടിയെടുക്കുകയാണ് മലപ്പുറം നിലമ്പൂരില്‍ നിന്ന് വന്ന ഒരുകൂട്ടം കലാകാരന്മാര്‍.
നിലമ്പൂര്‍ അഞ്ചാംമൈലിലെ ഹോം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് എത്തിയ കുട്ടികളാണ് പോസ്റ്റ് മാസ്റ്റര്‍ എന്ന നാടകം സമ്മോഹന്‍ വേദിയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി കുട്ടികളുടെ നാടക സംഘമാണ് ഇവരുടേത്. അര മണിക്കൂര്‍ പതര്‍ച്ചയേതുമില്ലാതെ വേദിയില്‍ നിറഞ്ഞ് അഭിനയിച്ച് കാണികളുടെ നിറഞ്ഞ കയ്യടി മനസ് നിറയെ സ്വീകരിക്കുകയാണ് ഇവര്‍.