കെഎസ്‍യു സംസ്ഥാന കമ്മിറ്റിയില്‍നിന്ന് അയോഗ്യർ മുഴുവൻ പുറത്തേക്ക്; ദേശീയനേതൃത്വത്തിന് പട്ടിക നല്‍കും

കെഎസ്‍യു സംസ്ഥാന കമ്മിറ്റിയില്‍നിന്ന് അയോഗ്യർ മുഴുവൻ പുറത്തേക്ക്; ദേശീയനേതൃത്വത്തിന് പട്ടിക നല്‍കും

അയോഗ്യരുടെ കാര്യത്തില്‍ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കട്ടേയെന്നാണ് സംസ്ഥാന നേത്യത്വത്തിന്‍റെ നിലപാട്
Updated on
1 min read

വിവാദങ്ങള്‍ക്കൊടുവില്‍ കെഎസ്‍യു സംസ്ഥാന കമ്മിറ്റിയില്‍നിന്ന് അയോഗ്യർ മുഴുവൻ പുറത്തേക്ക്. അയോഗ്യരുടെ പട്ടിക എന്‍ എസ് യു നേതൃത്വത്തിന് കൈമാറാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. കെ എസ് യു ബൈലോ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പട്ടിക നല്‍കാൻ എന്‍ എസ് യു നേത്യത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അയോഗ്യര്‍ തുടരേണ്ടതില്ലെന്ന കാര്യത്തില്‍ ഈ മാസം ആദ്യം എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ ധാരണയായിരുന്നു. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയുടെ മിനുട്സിൽ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് അയോഗ്യരോട് ഒഴിയാന്‍ സംസ്ഥാന നേത്യത്വം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

അയോഗ്യരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വം എടുക്കട്ടേയെന്നാണ് സംസ്ഥാന അധ്യക്ഷന്‍റെയും ഉപാധ്യക്ഷന്‍മാരുടെയും നിവപാട്. സംസ്ഥാന അധ്യക്ഷന് ഇല്ലാത്ത മാനദണ്ഡം തങ്ങളുടെ കാര്യത്തില്‍ മാത്രം എന്തിനെന്നാണ് പ്രായപരിധി പിന്നിട്ടവര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് എന്‍ എസ് യു നേത്യത്വമാണ് പ്രായപരിധി ഇളവ് അനുവദിച്ചത്.

ആനന്ദ് കെ ഉദയന്‍, ശരത് ശൈലേശ്വരന്‍, എം മാഹിൻ, ബുഷർ ജംഹറിർ, കണ്ണന്‍ നമ്പ്യാർ എന്നിങ്ങനെ പത്ത് പേരാണ് കെ എസ് യു നേതൃത്വത്തിൽ തുടരുന്നതിന് ബൈലോ നിർദേശിക്കുന്ന പ്രായപരിധിയായ 27 വയസ് പിന്നിട്ടവർ. കണ്ണന്‍ നമ്പ്യാർ വിവാഹിതരാണെങ്കിലും പ്രായപരിധി പിന്നിട്ടവരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിവാഹിതരായ രണ്ട് ഉപാധ്യക്ഷന്‍മാര്‍ എന്‍ എസ് യു നേതൃത്വത്തിന് രാജി സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അരുണിമ സുള്‍ഫിക്കര്‍ വിവാഹിതയാണ്. എന്നാൽ വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ അയോഗ്യരായ അഞ്ച് പേർ നേരത്തെ രാജി സമർപ്പിച്ചിരുന്നു.

അതേസമയം, ഒഴിവുവരുന്ന ഭാരവാഹിസ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. എന്‍ എസ് യു നേത്യത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തുടര്‍നീക്കങ്ങള്‍. ഒഴിവ് വരുന്ന ഭാരവാഹിസ്ഥാനങ്ങളിലേക്ക് നിലവിലെ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തന്നെ പരിഗണിക്കാനാണ് സാധ്യത. പുറത്തുനിന്ന് കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടെന്നാണ് പൊതുധാരണ.

സംഘടനാ തിരഞ്ഞെടുപ്പിനുപകരം നാമനിര്‍ദേശത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ ജംബോ കമ്മിറ്റികള്‍ പാടില്ലെന്ന കെപിസിസി നിര്‍ദേശം അട്ടിമറിച്ചാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ, 21 ഭാരവാഹികളും 20 നിര്‍വാഹക സമിതി അംഗങ്ങളും അടക്കം 41 അംഗങ്ങള്‍ അടങ്ങുന്ന ലിസ്റ്റായിരുന്നു പുനസംഘടനയുടെ ചുമതലമുണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, അഡ്വ. ജയന്ത് എന്നിവർ നൽകിയത്. എന്നാല്‍ വര്‍ഷങ്ങളായി സംഘനയ്ക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് അവസരം നല്‍കണമെന്ന തീരുമാനം വന്നതോടെയാണ് വീണ്ടും ജംബോ കമ്മിറ്റിയിലേക്ക് കാര്യങ്ങളെത്തിച്ചത്. 25 ശതമാനം വനിതകള്‍ക്ക് അവസരം നല്‍കുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തില്‍ ഒതുങ്ങി.

logo
The Fourth
www.thefourthnews.in