ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലില്‍നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഹാര്‍ഡ് വെയറുകളും മോഷ്ടിച്ച കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി സുമിത് കുമാര്‍ സിങിന് അഞ്ച് വര്‍ഷവും രണ്ടാം പ്രതി ദയാ റാമിന് 3 വര്‍ഷവുമാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്.
2019 സെപ്റ്റംബറിലാണ് നിര്‍മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലില്‍ മോഷണം നടന്നത്. കപ്പലില്‍ സ്ഥാപിച്ചിരുന്ന കംപ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്, മൈക്രോ പ്രോസസര്‍, റാം, കേബിളുകള്‍ തുടങ്ങിയവ മോഷണം പോകുന്നത്. യുദ്ധക്കപ്പലിൻ്റെ ബാറ്റിൽ സിസ്റ്റം വരെ രേഖപ്പെടുത്തിയ എസ് എസ് ഡികളാണ് മോഷ്ടിക്കപ്പെട്ടത്. കരാറുകാരനുമായി വേതനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മോഷണത്തിലേക്ക് നയിച്ചത്. നാല് വർഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.
പ്രതികള്‍ക്കെതിരെ സൈബര്‍ ഭീകരവാദ കുറ്റം നില നില്‍ക്കുമെന്നായിരുന്നു എന്‍ഐഎ വാദം. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന തരത്തില്‍ രഹസ്യ വിവരങ്ങളിലേക്ക് ഇവര്‍ കടന്നു കയറി. മോഷണത്തിന് മുമ്പും ശേഷവും പ്രതികള്‍ ഗൂഗിളില്‍ ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ച് തിരഞ്ഞിരുന്നുവെന്നും വാദത്തിനിടെ കോടതിയില്‍ ചുണ്ടികാട്ടിയിരുന്നു.