'പിണറായി എന്റെ ഹീറോ, സിനിമയാണ് സ്വപ്നം'; നിഷാന്ത് നിള

'പിണറായി എന്റെ ഹീറോ, സിനിമയാണ് സ്വപ്നം'; നിഷാന്ത് നിള

പിണറായിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുളള മറുപടിയായാണ് വീഡിയോ ​ഗാനം തായാറാക്കിയതെന്ന് നിഷാന്ത്.
Updated on
2 min read

മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിക്കൊണ്ടു കേരള സിഎം എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോ ​ഗാനം സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരിക്കുകയാണ്. ''പിണറായി വിജയൻ... നാടിന്റെ അജയൻ... നാട്ടാർക്കെല്ലാം സുപരിചിതൻ" എന്ന് തുടങ്ങുന്ന ​ഗാനം രചിച്ചതും സംവിധാനം ചെയ്തിരിക്കുന്നതും തിരുവനന്തപുരം, വീരണകാവ് സ്വദേശി നിഷാന്ത് നിളയാണ്. പിണറായിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുളള മറുപടിയായാണ് ഇത്തരത്തിലൊരു വീഡിയോ ​ഗാനം തായാറാക്കിയതെന്ന് നിഷാന്ത് ദ ഫോർത്തിനോട് പറഞ്ഞു.

കടുത്ത പിണറായി ആരാധാകനായ നിഷാന്ത് ഡിവൈഎഫ്ഐ അരുവിക്കുഴി യൂണിറ്റ് പ്രസിഡന്റാണ്. രണ്ട് ഷോർട്ട് ഫിലിമുകളും ഒരു സിനിമയ്ക്ക് അസിസ്റ്റൻ്റ് ഡയറക്ടറായും പ്രവർത്തിച്ചു പരിചയമുളള നിഷാന്തിന് സിനിമയാണ് സ്വപ്നം. കേരള സിഎമ്മിലെ ഗാനം ആരംഭിക്കുന്നതിനു മുൻപ് പിണറായിക്ക് എതിരെ ആരോപണം ഉയർന്ന സ്വർണക്കടത്ത് കേസ് അടക്കം അമേരിക്കൻ ഗൂഢാലോചന ആണെന്ന തരത്തിലാണ് ​ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെ ആവിഷ്കരിക്കുന്ന വീഡിയോയ്ക്ക് എട്ട് മിനുറ്റാണ് ദൈർഘ്യം. നിഷാന്തിനെ സംബന്ധിച്ച് പിണറായി വിജയൻ ഒരു റിയൽ ഹീറോയാണ്. തന്റെ റിയൽ ഹീറോ ഒരിക്കലും പരാജയപ്പെട്ടു പോകില്ല എന്ന വിശ്വാസത്തിലാണ് അയാൾ.

'പിണറായി എന്റെ ഹീറോ, സിനിമയാണ് സ്വപ്നം'; നിഷാന്ത് നിള
'തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉപേക്ഷിക്കാവുന്ന മുദ്രാവാക്യമല്ല ജാതി സെൻസസ്'; ഡോ. ടി ടി ശ്രീകുമാർ അഭിമുഖം

ഒന്നാം പിണായി സർക്കാരിന്റെ കാലത്തുതന്നെ മുഖ്യമന്ത്രിക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുവെന്നും എന്നാൽ നിപയും പ്രളയവും കോവിഡും പിണറായിയെ വീണ്ടും അധികാരത്തിലേക്ക് തിരികെ വരാനാണ് സഹായിച്ചതെന്നും നിഷാന്ത് പറയുന്നു. അതുമാത്രമല്ല, പിണറായി സർക്കാരിനെ ഇനിയുമൊരു അഞ്ചു വർഷം കൂടി ഭരണത്തിലേക്ക് കൊണ്ടുവരാനും അതിലൂടെ കേരളത്തിലെ ഇടതുഭരണത്തെ പൂർണമായും തുടച്ചുനീക്കാൻ കഴിയുമെന്നാണ് ബിജെപി ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ കരുതുന്നത്. എന്നാൽ തന്റെ ഹീറോ അങ്ങനെ പരാജയപ്പെട്ടു പോകുന്ന‌ വ്യക്തി അല്ലെന്നുമാണ് നിഷാന്ത് പറയുന്നത്.

എക്കാലവും സത്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അങ്ങനൊരാൾ ഒരിക്കലും പരാജയപ്പെട്ടുപോകില്ല, നിഷാന്ത് പറയുന്നു. നിഷാന്തിന്റെ ഭാഷയിൽ ഇടതുപക്ഷ പക്ഷികളിൽ ഫീനിക്സ് പക്ഷിയാണ് പിണറായി വിജയൻ. മുമ്പ് പി ജയരാജൻ ഭക്തർ പുറത്തിറക്കിയ ​ഗാനത്തിന് നേരെ സിപിഎം മൂന്നം​ഗ അന്വേഷണ കമ്മീഷൻ വച്ച് വിലയിരുത്തുകയും പാർട്ടിക്കുളളിൽ വ്യക്തി പൂജ പാടില്ലെന്നും ശാസിക്കുമ്പോഴും പിണറായിയെ അനുകൂലിച്ചു കൊണ്ടു പുറത്തിറങ്ങുന്ന ​ഗാനങ്ങൾക്ക് നേരെ സിപിഎം മൗനം പാലിക്കുന്നത് നിഷാന്തിന്റെ ഫീനിക്സ് പക്ഷി എന്ന വിശേഷണത്തോട് ചേരുന്ന ഒന്നാണ്. നിഷാന്തിനെ സംബന്ധിച്ച് പിണറായി വിജയൻ മാസും ക്ലാസും ചേർന്ന വ്യക്തിയാണ്.

'പിണറായി എന്റെ ഹീറോ, സിനിമയാണ് സ്വപ്നം'; നിഷാന്ത് നിള
കേരള മന്ത്രിസഭയിൽ എത്ര നായന്മാരുണ്ട്

2022-ൽ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാറശാലയിൽ സംഘടിപ്പിച്ച മെ​ഗാ തിരുവാതിരയിലും പിണറായി സ്തുതി കേട്ടിരുന്നു. ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശോഭിക്കാൻ കാരണഭൂതനായ വ്യക്തിയാണ് പിണറായി എന്ന അർഥം വരുന്ന തരത്തിലുളള വരികളാണ് സ്ത്രീകൾ കൈ കൊട്ടിപ്പാടിയത്. അത് പ്രതിപക്ഷ പാർട്ടികൾ അടക്കം ആയുധമാക്കുകയും ചെയ്തിരുന്നു.

എന്നാൽ നിലവിൽ കാര്യങ്ങൾ അങ്ങനെയല്ല. നിഷാന്തിന്റെ പാട്ടിനെതിരെ ഇടതു സൈബർ ഇടങ്ങളിൽ അടക്കം വ്യാപകമായി വിമർശനം ഉയർന്നിരിക്കുകയാണ്. പിജെ ആർമിക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ രം​ഗത്തു വന്നത്. അതേസമയം, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായ നിഷാന്ത് ഇത്തരത്തിലൊരു ​ഗാനം ഒരുക്കിയത് സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ അറിവോടെ അല്ല. പിണറായി ധിക്കാരിയും ധാർഷ്ഠ്യം പിടിച്ച വ്യക്തിയാണെന്ന് അടക്കം നിരവധിയായിട്ടുളള വിമർശനങ്ങൾ കേട്ടതിൽ നിന്നുമാണ് ഇത്തരത്തിലൊരു വീഡിയോ നിഷാന്ത് തയാറാക്കാൻ ഇടയായത്. നിഷാന്തിനെ സംബന്ധിച്ച് പിണറായി വിജയൻ സ്വജനപക്ഷവാദികളിൽ വാധ്യാരും മാസ്റ്ററുമാണ്. അതിന് നമ്മൾ കരുതുന്ന അർഥമല്ല നിഷാന്ത് നൽകിയിരിക്കുന്നത്. സ്വന്തം ജനങ്ങളുടെ പക്ഷക്കാരനാണ് പിണറായി വിജയൻ. അതായത്‌ കേരളത്തിലെ മുഴുവൻ ജനതയും പിണറായിയുടെ ജനതയാണെന്നാണ് നിഷാന്ത് പറയുന്നത്.

തീയിൽ കുരുത്ത കുതിരയായും മണ്ണിൽ മുളച്ച സൂര്യനായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനായും പിണറായി നിഷാന്തിന്റെ ആരാധനാ ലോകത്ത് നിറയുമ്പോൾ സമൂഹമാധ്യമങ്ങളിൽ വരികളുടെ അർഥം അടക്കം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതൊന്നുംതന്നെ ബാധിക്കുന്ന പ്രശ്നങ്ങളല്ലെന്നും തന്റെ ഹീറോയായ പി‌ണറായി ഇനി ഈ വീഡിയോ കാണുമോ, കണ്ടാ‌ൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നൊക്കെയുളള ആകാംക്ഷയിലാണ് അയാൾ. ആറു‌ ലക്ഷം രൂപ ചെലവാക്കി പുറത്തിറക്കിയ കേരള സിഎം സമൂഹമാധ്യമങ്ങളിൽ പല തരത്തിലുളള ചർച്ചകൾക്ക് ഇതിനോടകം വഴി തുറന്നിട്ടിരിക്കുമ്പോൾതന്നെ പിണറായിയുടെ ജീവിതം പശ്ചാത്തലമാക്കി സിനിമ ഒരുക്കാനുളള സ്വപ്നത്തിലാണ് നിഷാന്ത് നിള.

logo
The Fourth
www.thefourthnews.in