യൂട്യൂബര്‍മാര്‍ക്കെതിരായ അന്വേഷണം: 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
സംസ്ഥാനത്തെ യൂട്യൂബര്‍മാര്‍ക്കെതിരെ ഇന്‍കം ടാക്‌സ് നടത്തിയ അന്വേഷണത്തില്‍ 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. രണ്ടുകോടി വരെയാണ് മിക്ക യൂട്യൂബര്‍മാരും ആദായ നികുതി അടയ്ക്കാനുളളത്. നടിയും അവതാരകയുമായ പേളി മാണിയടക്കം 13 യൂട്യൂബര്‍മാരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മറ്റു യൂട്യൂബര്‍മാര്‍ക്കും അടുത്തയാഴ്ച മുതല്‍ നോട്ടീസ് അയക്കും.
പേളി മാണി, എം 4 ടെക്, അണ്‍ബോക്‌സിങ് ഡ്യൂഡ്, കാസ്‌ട്രോ ഗെയിമിങ് എന്നിവരടക്കമുള്ള യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിലെ കൊച്ചിയിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയത്. യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമെ വന്‍തോതില്‍ അധിക വരുമാനമുണ്ടെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
വരുമാനത്തിന് അനുസരിച്ച് നികുതിയൊടുക്കുന്നില്ല, ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഗാഡ്‌ജെറ്റുകള്‍ വിവിധ കമ്പനികളില്‍ നിന്നടക്കം സമ്മാനമായി ലഭിക്കുന്നു, വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ച് വന്‍കിട ഹോട്ടലുകളില്‍ താമസിക്കുന്നു തുടങ്ങിയവയെല്ലാം അന്വേഷണവിധേയമാക്കിയിരുന്നു. . ഇവയില്‍ പലതും ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ മറ്റ് പലരും നല്‍കുന്ന സമ്മാനമോ ആണെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.