മർദ്ദനമേറ്റ വിഘ്നേഷും വിഷ്ണുവും
മർദ്ദനമേറ്റ വിഘ്നേഷും വിഷ്ണുവും

കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദനം; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മർദ്ദനമേറ്റ സഹോദരങ്ങളുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്
Updated on
1 min read

കൊല്ലം കിളികൊല്ലൂരിൽ സൈനികനും സഹോദരനും മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് കേസ് വ്യാജമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ ഉൾപ്പെടെ നാല് ഉദ്യോ​ഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിഐ വിനോദ്, എസ്എച്ച്ഒ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവർക്കാണ് സസ്പെൻഷൻ. ഈ കേസിൽ തെറ്റുകാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സ്ഥലം മാറ്റിയിരുന്നു. മർദ്ദനമേറ്റ സഹോദരങ്ങളുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്‍പിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മർദ്ദനമേറ്റ വിഘ്നേഷും വിഷ്ണുവും
കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദനത്തിൽ റിപ്പോർട്ട് തേടി പോലീസ് മേധാവി

എസ്എച്ച്ഒയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നും എസിപിയുടെ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഇതേതുടർന്ന് എസ്എച്ച്ഒ വിനോദിനോട് ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ ദക്ഷിണ മേഖല ഐജി നിർദ്ദേശിച്ചു. എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ എന്നിവർക്കെതിരെയാണ് നടപടി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ദക്ഷിണമേഖലാ ഐജി കൊല്ലം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

മർദ്ദനമേറ്റ വിഘ്നേഷും വിഷ്ണുവും
കിളികൊല്ലൂർ സ്റ്റേഷന്‍ ആക്രമണം: പൊളിഞ്ഞത് പോലീസിന്റെ തിരക്കഥ; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

രണ്ട് മാസം മുൻപാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മർദ്ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന വിഘ്‌നേഷും വിഷ്ണുവും പോലീസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മർദ്ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം. ഇരുവരുടെയും മർദ്ദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് തനിക്കും സഹോദരൻ വിഷ്ണുവിനും ക്രൂര മർദ്ദനമേറ്റതായും നടപടി വേണമെന്നും ആവശ്യപ്പെട്ട് വിഘ്നേഷ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.

അതേസമയം, സംഭവത്തിലെ പോലീസ് വീഴ്ച അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മർദ്ദനം സർക്കാർ നയമല്ലെന്നും കുറ്റം ചെയ്തവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. പോലീസില്‍ ക്രിമിനലുകളുണ്ടെന്നതിന്റെ തെളിവാണ് കിളികൊല്ലൂർ സ്റ്റേഷനിലെ ക്രൂരമർദ്ദനമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in