പാചക വാതക അളവിൽ തട്ടിപ്പ്; ഐഒസിക്ക് അറുപതിനായിരം രൂപ പിഴ
പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ ഐ ഒ സി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. നഷ്ടപരിഹാരമായി 50,000 രൂപയും കോടതിയില്‍ ചെലവായ 10,000 രൂപയും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
സീല്‍ ചെയ്ത നിറ സിലിണ്ടര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായെന്നായിരുന്നു പരാതി
അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്ന് എറണാകുളം സ്വദേശി സി വി കുര്യന്‍ ആണ് ഓയില്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. ഇയാള്‍ക്ക് ലഭിച്ച സീല്‍ ചെയ്ത നിറ സിലിണ്ടര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായെന്നായിരുന്നു പരാതി.
നേരത്തേയും ഗ്യാസിന്റെ അളവില്‍ കൃതൃമം നടത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്തിട്ടുണ്ടാകാമെന്ന്
ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലിണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവം പരാതിക്കാരന്റെ മാത്രം പ്രശ്നമല്ലെന്നും നേരത്തേയും ഗ്യാസിന്റെ അളവില്‍ കൃതൃമം നടത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്തിട്ടുണ്ടാകാമെന്നും കോടതി വിലയിരുത്തി. ഡി.ബി ബിനു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആറ് വര്‍ഷം മുന്‍പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫില്ലിംഗ് സ്റ്റേഷനില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപയായിരുന്നു അന്ന് ഓയില്‍ കമ്പനിക്ക് പിഴ ചുമത്തിയത്.