തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണത്തില്‍ ക്രമക്കേട്; മാനസികരോഗ വിഭാഗത്തില്‍ ഇടനിലക്കാരെന്ന് സൂപ്രണ്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിഭാഗത്തിലെ മരുന്ന് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം. ഒപിയില്‍ രജിസ്റ്റര്‍ പോലും ചെയ്യാതെ ഇടനിലക്കാര്‍ മരുന്ന് വാങ്ങുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ നിസാറുദ്ദീന്‍ ആരോപിച്ചു. സൈക്യാട്രി വിഭാഗം മേധാവി, സ്റ്റോര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് അയച്ച കത്തിലാണ് മരുന്ന് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി സൂപ്രണ്ട് വ്യക്തമാക്കുന്നത്. മാനസിക രോഗത്തിന് മെഡിക്കല്‍ കോളേജിലെ ഫാര്‍മസി സ്റ്റോറില്‍ നിന്നും മരുന്നുകള്‍ വിതരണം ചെയ്യുന്നത് 15 ദിവസത്തേയ്ക്കായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഒ പി കൗണ്ടറില്‍ രേഖപ്പെടുത്താതെ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് സ്റ്റോര്‍ സൂപ്രണ്ട്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തില്‍ നിന്ന് ഒപിയില്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ ഡോക്ടറുടെ കുറിപ്പടിയുമായി എത്തി ഇടനിലക്കാര്‍ മരുന്ന് വാങ്ങുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ നിസാറുദ്ദീന്‍ വ്യക്തമാക്കുന്നത്. 40 മുതല്‍ 50 വരെയുള്ള രോഗികളുടെ മരുന്ന് ഒറ്റത്തവണയായി വാങ്ങുന്നു. 1 മാസം മുതല്‍ 6 മാസം വരെയുള്ള കാലയളവിലുള്ള മരുന്ന് ഉണ്ടാകും. ഇത്തരത്തില്‍ നീണ്ട കാലയളവില്‍ മരുന്ന് നല്‍കിക്കൊണ്ട് കുറിപ്പടി നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനസിക രോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വലിയ കാലയളവിലേക്ക് ഒരുമിച്ച് നല്‍കുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുമെന്ന് സൂപ്രണ്ട് ഡോ. എ നിസാറുദ്ദീന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ഇതൊരു സാമൂഹ്യ ഭീഷണിയാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
മാനസിക രോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വലിയ കാലയളവിലേക്ക് ഒരുമിച്ച് നല്‍കുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകും
ഒ പി കൗണ്ടറില്‍ രേഖപ്പെടുത്താതെ മരുന്ന് വിതരണം ചെയ്തിട്ടില്ലെന്ന് സ്റ്റോര്‍ സൂപ്രണ്ട് ജ്യോതി ലക്ഷ്മി ബി എസ് പറഞ്ഞു. മെഡിക്കല്‍ കോളേജിന് പുറത്ത് നിന്ന് നല്‍കുന്ന കുറിപ്പടിയുമായി മരുന്നിനായി എത്തിയ സംഭവം ഉണ്ടായി. അക്കാര്യം സൂപ്രണ്ടിനെ അറിയിച്ചിരുന്നതായും ജ്യോതി ലക്ഷ്മി വ്യക്തമാക്കി. സ്ഥാപനങ്ങളില്‍ മാനസിക രോഗികളുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ തിരുവനന്തപുരത്തുള്ള മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രോഗികളെ പരിചരിക്കാറുണ്ട്. ആശുപത്രികളിലേക്ക് എത്തിയ്ക്കാന്‍ സാധിയ്ക്കാത്തവരാണ്. ഇവര്‍ ഒ പിയില്‍ രജിസ്റ്റര്‍ ചെയ്യാതെ കുറിപ്പടിയുമായി മരുന്ന് വാങ്ങാന്‍ എത്താറുണ്ട്. മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രത്തിലെ വ്യക്തികള്‍ക്ക് ആവശ്യമായ മരുന്ന് കൂട്ടത്തോടെ കുറിപ്പടിയുമായി എത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് സൈക്യാട്രി വിഭാഗം മേധാവി ടി വി അനില്‍ കുമാര്‍ പറഞ്ഞു.
മരുന്ന വിതരണം നിജപ്പെടുത്തി; പ്രതിസന്ധിയില്ലെന്ന് പുനരധിവാസ കേന്ദ്രങ്ങളിലെ പ്രതിനിധികള്‍
മെഡിക്കല്‍ കോളേജിലെ ഫാര്‍മസി സ്റ്റോറില്‍ പരമാവധി 15 ദിവസത്തേയ്ക്ക വരെയുള്ള മരുന്ന് വിതരണം ചെയ്താല്‍ മതിയെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശം. മാനസിക രോഗ പുനരധിവാസ കേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് മരുന്ന് വാങ്ങുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കമെന്ന് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു. നേരിട്ട് ആശുപത്രികളിലേക്ക് എത്തിയ്ക്കാന്‍ സാധിക്കാത്തവരാണ് പുനരധിവാസ കേന്ദ്രങ്ങളിലുള്ളവരില്‍ പലരും. ഇത്തരത്തിലുള്ളവര്‍ക്ക് ആഴ്ച തോറും ഒ പിയില്‍ രജിസ്റ്റര്‍ ചെയ്ത് മരുന്ന് വാങ്ങുന്നത് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ മരുന്ന് വിതരണത്തിനെ അട്ടിമറിക്കുന്നതാണ് പുതിയ നീക്കമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.