തോരാതെ കണ്ണീർ, തീരാതെ മരണക്കണക്കുകള്‍; മുണ്ടക്കൈയില്‍ കുത്തിയൊലിച്ചെത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ 
പ്രകൃതിദുരന്തമോ?

തോരാതെ കണ്ണീർ, തീരാതെ മരണക്കണക്കുകള്‍; മുണ്ടക്കൈയില്‍ കുത്തിയൊലിച്ചെത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമോ?

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തം 2018ലെ മഹാപ്രളയമായിരുന്നു
Updated on
2 min read

കോരിച്ചൊരിയുന്ന മഴയും കുത്തിയൊലിച്ചെത്തുന്ന വെള്ളവും മണ്ണുമൊക്കെ തൊടച്ചുനീക്കിയ മനുഷ്യജീവനുകള്‍, അവരുടെ സ്വപ്നങ്ങള്‍...കേരള ജനതയോളം കെടുതികള്‍ അനുഭവിച്ച മനുഷ്യസമൂഹമുണ്ടോയെന്നുകൂടി സംശയം. അത്രത്തോളം പ്രകൃതിദുരന്തങ്ങള്‍ക്ക് തലമുറകള്‍ സാക്ഷിയായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ദുരിതക്കാഴ്‌ചകളുടെ അധ്യായങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുകയാണ്.

ഒടുവില്‍, ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും നോക്കി കണ്ണീരണിയുകയാണ് മലയാളികള്‍. ഒന്നിരുട്ടി നേരം പുലരുംമുൻപ് ഒരുനാട് ഒഴുകിപ്പോയിരിക്കുന്നു, ഒപ്പമുറങ്ങിയവരെ പ്രകൃതി തട്ടിയെടുത്തു, കൂടെച്ചിരിച്ചുനടന്നവർ എവിടിയെന്നറിയില്ല, ഉള്ളുനീറി ആയിരങ്ങളാണ് പ്രിയപ്പെട്ടവരെ കാത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

ഓരോ നിമിഷവും മരണസംഖ്യയുടെ കോളം തിരുത്തപ്പെടുകയാണ്. ഈ നിമിഷം വരെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മുന്നൂറ് കടന്നിരിക്കുന്നു പ്രകൃതിതട്ടിയെടുത്ത ജീവന്റെ കണക്കുകള്‍. ഇനിയും കണ്ടെത്താൻ 240ൽ അധികം പേർ. മണ്ണിലാണ്ട എത്ര ശരീരങ്ങള്‍ തിരിച്ചെടുക്കാനാകുമെന്നതില്‍ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്കുപോലും ഉറപ്പില്ല. മലയിറങ്ങിവന്ന പാറക്കെട്ടുകള്‍ താണ്ടിയെത്തുകയെന്നത് ശ്രമകരമാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

തിരിച്ചറിയാനാകാത്തവിധം മാറിമറിഞ്ഞ ഭൂപ്രകൃതിയാണ് ഇന്ന് മുണ്ടക്കൈയും ചൂരല്‍മലയും. തിരച്ചില്‍ എത്രനാള്‍ നീളുമെന്നതില്‍ നിശ്ചയമില്ല. കാണാതായവരുടെയും മരിച്ചവരുടെയും കണക്കുകള്‍ കൂട്ടിവായിച്ചാല്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും മുണ്ടക്കൈ ഉരുള്‍പൊട്ടല്‍.

തോരാതെ കണ്ണീർ, തീരാതെ മരണക്കണക്കുകള്‍; മുണ്ടക്കൈയില്‍ കുത്തിയൊലിച്ചെത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ 
പ്രകൃതിദുരന്തമോ?
'ആ വോയ്‌സ് മെസേജ് സീരിയസ് ആയി എടുത്തിരുന്നെങ്കില്‍...'; നടുക്കം വിട്ടുമാറാതെ ചൂരല്‍മല പഞ്ചായത്ത് അംഗം നൂറുദ്ദീന്‍

ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തം 2018ലെ മഹാപ്രളയമായിരുന്നു. ദുരിതം പെയ്‌തിറങ്ങിയ ഓഗസ്റ്റില്‍ കേരളജനതയിൽ വലിയൊരു വിഭാഗം കഴിച്ചുകൂട്ടിയത് ദുരിതാശ്വാസക്യാമ്പിലായിരുന്നു. കരകവിഞ്ഞൊഴുകിയ പുഴകളും വെള്ളപ്പൊക്കവും അന്ന് കവർന്നെടുത്തത് 483 ജീവനായിരുന്നു. 15 പേരെ കാണാതായി. മുപ്പതിനായിരത്തിലധികം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിന്റെ ആറിലൊന്ന് മനുഷ്യരെ പ്രളയം ബാധിച്ചതായാണ് സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 35 അണക്കെട്ടുകൾ തുറന്നു, ഇടുക്കി അണക്കെട്ട് തുറന്നത് 26 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു. സാധാരണയേക്കാള്‍ 96 ശതമാനത്തിലധികം മഴയായിരുന്നു അന്ന് സംസ്ഥാനത്തിന് ലഭിച്ചത്.

2004 ഡിസംബറിൽ ആഞ്ഞടിച്ച സുനാമിയായിരുന്നു കൂടുതല്‍ ജീവന്‍ നഷ്ടമായ മറ്റൊരു ദുരന്തം. സമാനതകളില്ലാത്ത ഈ ദുരന്തം ക്രിസ്‌മസിന്റെ പിറ്റേന്നായിരുന്നു. ദക്ഷിണേഷ്യയെ ആകെ ബാധിച്ച സുനാമിയില്‍ ആഗോളതലത്തില്‍ രണ്ടരലക്ഷത്തോളം പേർ മരിച്ചു. രാജ്യത്ത് കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകളെയായിരുന്നു സുനാമി ബാധിച്ചത്.

രാജ്യത്താകെ മരണസംഖ്യ 12,000 കടന്നപ്പോള്‍ കേരളത്തില്‍ മരിച്ചത് 177 പേരായിരുന്നു. കൊല്ലത്തും ആലപ്പുഴയിലുമായിരുന്നു കൂടുതല്‍ ആഘാതം, മൂവായിരത്തോളം വീടുകളും അന്ന് തകർന്നതായാണ് കണക്കുകള്‍.

തോരാതെ കണ്ണീർ, തീരാതെ മരണക്കണക്കുകള്‍; മുണ്ടക്കൈയില്‍ കുത്തിയൊലിച്ചെത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ 
പ്രകൃതിദുരന്തമോ?
പുത്തുമലയിൽനിന്ന് ചൂരൽമലയിലേക്ക് അഞ്ചാണ്ടിന്റെ ദൂരം

1961ല്‍ പാലക്കാട് അട്ടപ്പാടിയില്‍ രണ്ടിടത്ത് മലയിടിഞ്ഞ് 73 പേരായിരുന്നു മരിച്ചത്. പിന്നീട് കൂടുതല്‍ മരണം സംഭവിച്ചത് പെട്ടിമുടി ഉരുള്‍പൊട്ടലിലായിരുന്നു. 2020 ഓഗസ്റ്റ് ആറിന് രാത്രിയായിരുന്നു പെട്ടിമുടിയിലെ ദുരന്തരം. പെട്ടിമുടിയിലെ ലയങ്ങളില്‍ താമസിച്ചിരുന്ന തോട്ടംതൊഴിലാളികളായിരുന്നു അന്ന് ദുരന്തത്തിന് ഇരയായത്. 22 വീടുകളിലായി കഴിഞ്ഞിരുന്ന 70 പേരായിരുന്നു മരിച്ചത്.

പെട്ടിമുടിയിലെ തിരച്ചില്‍ 19 ദിവസം നീണ്ടുനിന്നിരുന്നു. 66 മൃതദേഹങ്ങളായിരുന്നു കണ്ടെടുത്തത്. നാല് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. എട്ട് കുടുംബങ്ങള്‍ മാത്രമായിരുന്നു ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടത്.

മറ്റൊരു ഓഗസ്റ്റിലായിരുന്നു കവളപ്പാറയില്‍ ഉരുള്‍പൊട്ടിയത്. 2019 ഓഗസ്റ്റ് ആറിന്. കവളപ്പാറ മുത്തപ്പൻകുന്നില്‍ ഉരുള്‍പൊട്ടിയപ്പോള്‍ മണ്ണിനടിയിലായത് 45 വീടുകളായിരുന്നു. 59 പേരായിരുന്നു അന്ന് മരിച്ചത്. പെട്ടിമുടിയിലേക്കാള്‍ ശ്രമകരമായിരുന്നു മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍. 20 ദിവസം നീണ്ട തിരച്ചലിലാണ് 48 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 11 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം.

logo
The Fourth
www.thefourthnews.in