വൈദ്യുതി ബോര്‍ഡില്‍ 'ഹൈ ടെന്‍ഷന്‍'; സെക്രട്ടറിയുമായി ഉടക്കിയ ചെയര്‍മാന്‍ പുറത്തേക്കെന്ന് സൂചന

വൈദ്യുതി ബോര്‍ഡില്‍ 'ഹൈ ടെന്‍ഷന്‍'; സെക്രട്ടറിയുമായി ഉടക്കിയ ചെയര്‍മാന്‍ പുറത്തേക്കെന്ന് സൂചന

താക്കീതിന്റെ സ്വരത്തില്‍ ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെയ്ക്ക് നോട്ടീസ് അയച്ച് ഊര്‍ജ സെക്രട്ടറി കെ എം ജ്യോതിലാല്‍. മന്ത്രി കെ ക്യഷ്ണന്‍കുട്ടി മുഖ്യമന്ത്രിയെ കാണും.
Updated on
1 min read

വിവാദങ്ങളെ തുടര്‍ന്ന് കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി പകരം നിയമിച്ച രാജന്‍ ഖൊബ്രഗഡെയും വൈദ്യുതി വകുപ്പിന് തലവേദനയാകുന്നു. ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെയും തമ്മിലുള്ള ശീതസമരത്തില്‍ വെട്ടിലായത് വകുപ്പ് മന്ത്രി കെ ക്യഷ്ണന്‍കുട്ടിയാണ്.

നടപ്പാക്കാന്‍ പറ്റാത്ത മൂന്ന് പദ്ധതികള്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടുത്തിയതാണ് ഏറ്റവും പുതിയ പ്രശ്നം. 100 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് ഉറപ്പുള്ള പദ്ധതികള്‍ മാത്രമേ ഉള്‍പ്പെടുത്താകൂവെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു. ചെയര്‍മാന്‍ നല്‍കിയ മൂന്ന് പദ്ധതികള്‍ 100 ദിന കര്‍മ്മ പദ്ധതി അവസാനിക്കുന്ന മെയ് 20ന് പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി.

പള്ളിവാസല്‍ ജല വൈദ്യുതി പദ്ധതി, കോട്ടയം- നാന്നൂറ് കെവി സബ് സ്റ്റേഷന്‍, കൊല്ലം- കൊട്ടിയം 120 കെവി സബ് സ്റ്റേഷന്‍ പദ്ധതി എന്നിവയിലാണ് പുരോഗതിയുണ്ടാകാത്തത്. ഇതേത്തുടര്‍ന്ന് ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെയ്ക്ക് ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം നാല് നിര്‍ദേശങ്ങളും വകുപ്പ് സെക്രട്ടറി ചെയര്‍മാന് രേഖാമൂലം നല്‍കി. കഴിഞ്ഞ രണ്ട് ബോര്‍ഡ് യോഗങ്ങളിലും കെ ആര്‍ ജ്യോതിലാല്‍ പങ്കെടുക്കാതിരുന്നതിനാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ചെയര്‍മാന്റെ നിലപാട്.

ചെയര്‍മാനേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും പങ്കെടുപ്പിച്ച് വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി. ചെയര്‍മാന്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയ പദ്ധതികള്‍ നടപ്പിലാകില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് യോഗത്തില്‍ മന്ത്രിയെടുത്തു. അടുത്തിടെ കാലാവധി തീരുന്ന രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെയര്‍മാനെ മാറ്റി പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ക്യഷ്ണന്‍കുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

logo
The Fourth
www.thefourthnews.in