വി ശിവന്‍കുട്ടി,  വിദ്യാഭ്യാസ മന്ത്രി
വി ശിവന്‍കുട്ടി, വിദ്യാഭ്യാസ മന്ത്രി

'ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ്'; സ്പോര്‍ട്സ് കോംപ്ലക്സും പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കും
Updated on
1 min read

ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്തുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മറ്റു ജില്ലകളിൽ കൂടി സൗകര്യം വർധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരളാ സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് വടുവന്‍ചാല്‍ ജിഎച്ച്എസ്എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സ്‌കൂള്‍ മൈതാനങ്ങളെ കവര്‍ന്നുകൊണ്ടുള്ള കെട്ടിട നിര്‍മാണങ്ങള്‍ ശരിയായ പ്രവണതയല്ല

വി ശിവന്‍കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സ്‌കൂള്‍ മൈതാനങ്ങളെ കവര്‍ന്നുകൊണ്ടുള്ള കെട്ടിട നിര്‍മാണങ്ങള്‍ ശരിയായ പ്രവണതയല്ല. കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിര്‍ത്തി വേണം കെട്ടിട നിര്‍മാണത്തിന് സ്ഥലം കണ്ടെത്താന്‍. കായിക മേഖലയിലെ ഉണര്‍വിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂള്‍തല കായികോത്സവങ്ങള്‍ വിപുലമായി നടത്തും. നീന്തല്‍ ഉള്‍പ്പെടെയുള്ള കായികയിനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുക.

ജിഎച്ച്എസ്എസ് വടുവന്‍ചാല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അഞ്ച് പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ അക്കാദമി, പ്രീപ്രൈമറി പാര്‍ക്ക്, ഗണിതപാര്‍ക്ക്, സ്കില്‍ പാര്‍ക്ക്, ട്രൈബല്‍ മ്യൂസിയം, കാര്‍ബ ന്യൂട്രല്‍ സ്കൂള്‍ എന്നിങ്ങനെ അഞ്ച് നൂതന പദ്ധതികള്‍ക്കാണ് തുടക്കമായത്.

logo
The Fourth
www.thefourthnews.in