ടി പി കേസ്: സിപിഎമ്മിന്റെയും സ്പീക്കറുടെയും വാദങ്ങള്‍ പൊളിഞ്ഞു, ഒടുവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്  ചെയ്ത് തടിയൂരല്‍

ടി പി കേസ്: സിപിഎമ്മിന്റെയും സ്പീക്കറുടെയും വാദങ്ങള്‍ പൊളിഞ്ഞു, ഒടുവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തടിയൂരല്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയവുമായി ബന്ധപ്പെട്ട സബ്മിഷൻ സഭയിൽ അവതരിപ്പിക്കും മുൻപാണ് ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തടിയൂരിയത്
Updated on
2 min read

ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയവുമായി ബന്ധപ്പെട്ട സബ്മിഷൻ സഭയിൽ അവതരിപ്പിക്കും മുൻപാണ് ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തടിയൂരിയത്. സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശകസമിതിയാണ് ശിക്ഷയിളവുമായി ബന്ധപ്പെട്ട ശിപാർശ തയാറാക്കിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബിജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെൻഡ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

ശിക്ഷയിളവിനുള്ള നീക്കം രേഖകൾ സഹിതം പുറത്തുവന്നിട്ടും അവസാനനിമിഷം വരെ ന്യായീകരിക്കാനും പ്രതിരോധിക്കാനുമാണ് പാർട്ടിയും സർക്കാരും ശ്രമിച്ചത്.

 ടി പി കേസ്: സിപിഎമ്മിന്റെയും സ്പീക്കറുടെയും വാദങ്ങള്‍ പൊളിഞ്ഞു, ഒടുവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്  ചെയ്ത് തടിയൂരല്‍
കോടതി വിധിക്ക് എന്താണ് വില? ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം, ജയിൽ സുപ്രണ്ടിന്റെ കത്ത് പുറത്ത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള പട്ടികയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെയും ഉൾപ്പെടുത്തിയിരുന്നു. ശിക്ഷായിളവ് സംബന്ധിച്ചു പോലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെട്ടുകൊണ്ടുള്ള കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തിലാണ് ടി പി വധക്കേസിലെ നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരുടെ പേര് ഉൾപ്പെട്ടത്. ജയില്‍ ഉപദേശകസമിതിയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്.

എന്നാൽ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് വിമർശനം ഉയർന്നിരുന്നു. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണു വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതാണ് ഉത്തരവിനെ വിവാദത്തിലാക്കിയത്. പ്രതികളുടെ അപ്പീല്‍ തള്ളിക്കൊണ്ട് ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി 20 വര്‍ഷം വരെ പ്രതികള്‍ക്കു ശിക്ഷായിളവ് പാടില്ലെന്നും വിധിയെയായിരുന്നു ഉദ്യോഗസ്ഥർ മറികടന്നത്.

 ടി പി കേസ്: സിപിഎമ്മിന്റെയും സ്പീക്കറുടെയും വാദങ്ങള്‍ പൊളിഞ്ഞു, ഒടുവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്  ചെയ്ത് തടിയൂരല്‍
ടി പി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ആറുപേർക്ക് ഒരു ജീവപര്യന്തം കൂടി, 20 വര്‍ഷം കഴിയാതെ ശിക്ഷയിളവുമില്ല

സിപിഎം വിട്ട് ആര്‍എംപി എന്ന പാര്‍ട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്‍എംപിയെന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

അതേസമയം, വിഷയത്തിൽ സ്പീക്കർ എ എൻ ഷംസീറും വിഷയത്തിൽ പ്രതിരോധത്തിലായി. ടി പി കേസിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് വിഷയത്തില്‍ താന്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതെന്ന് സ്പീക്കരുടെ ഓഫിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഓഫിസിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം-

2024 ജൂണ്‍ 25-ാം തീയതി സഭ മുമ്പാകെ വന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളിക്കൊണ്ട് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി നിയമസഭയിൽ പറയേണ്ട മറുപടിയാണ്‌ സ്പീക്കർ പറഞ്ഞതെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ല.

ടി. പി. വധക്കേസിലെ പ്രതികൾക്ക്‌ ശിക്ഷാ ഇളവ്‌ നൽകാനുള്ള നീക്കം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ കെ. കെ. രമ മറ്റ് അഞ്ചുപേരും ചേര്‍ന്ന് നൽകിയ നോട്ടിസ്‌ അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമാണ്‌ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞത്‌. പ്രസ്തുത കേസിലെ പ്രതികള്‍ക്കു മാത്രമായി ശിക്ഷാ ഇളവ്‌ നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന്‌ ബോധ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നോട്ടീസുകളിൽ ഉന്നയിക്കുന്ന വിഷയത്തിന്റെ നിജസ്ഥിതിയും പ്രാധാന്യവും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകള്‍ കൂടി പരിഗണിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് ചട്ടം 50 പ്രകാരം അനുമതി നല്‍കി വരുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നിലവില്‍ നീക്കമൊന്നുമില്ലെന്ന സര്‍ക്കാര്‍ വിശദീകരണം പുറത്തുവന്നതിനാല്‍ അതിന്റെ പിന്‍ബലത്തിലാണ് ചട്ടം 52 (5) പ്രകാരം അഭ്യൂഹങ്ങളോ ആരോപണങ്ങളോ എന്ന വിഭാഗത്തില്‍പ്പെടുത്തി അടിയന്തര പ്രമേയമായി പരിഗണിക്കാതിരുന്നത്. കെ കെ രമ നൽകിയ നോട്ടീസിലെ വിഷയം നിലവിൽ ചർച്ച ചെയ്യപ്പെടുന്നതോ അത്തരമൊരു നീക്കം നടക്കുന്നതോ അല്ല, മറിച്ച് അതൊരു അഭ്യൂഹം മാത്രമാണ്‌. അതുകൊണ്ട്‌ അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന്‌ സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. അപ്രകാരം തന്നെയാണ് മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള നോട്ടീസുകളിന്മേല്‍ തീരുമാനമെടുത്തിരുന്നത്. ഏതെങ്കിലും തരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നതായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത വിഷയം സബ്മിഷനായി അവതരിപ്പിക്കുന്നതിനും അനുമതി നല്‍കാറുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനത്തില്‍ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ല

logo
The Fourth
www.thefourthnews.in