ആര്‍എസ്എസുമായി ചര്‍ച്ച: മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയയെന്ന് ജമാഅത്തെ ഇസ്ലാമി

ആര്‍എസ്എസുമായി ചര്‍ച്ച: മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയയെന്ന് ജമാഅത്തെ ഇസ്ലാമി

ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാനാണ് സിപിഎമ്മിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയത്
Updated on
1 min read

ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയെന്ന വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാനാണ്, കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയത്. ആര്‍എസ്എസുമായി മറ്റ് സംഘടനകള്‍ കേരളത്തില്‍ ചര്‍ച്ച നടത്തിയാല്‍ കുഴപ്പമില്ല. ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയാല്‍ മുഖ്യമന്ത്രി എഫ്ബി പോസ്റ്റിടും. ഇത് ഇസ്ലാമോഫോബിയ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയും ആര്‍എസ്എസും ചര്‍ച്ച നടത്തിയിരുന്നു. 2016ല്‍ നടന്ന ഈ ചര്‍ച്ചയെ കുറിച്ച് കേരളം അറിയുന്നത് 2020ല്‍ ദിനേശ് നാരായണന്റെ പുസ്തകം ഇറങ്ങിയപ്പോഴാണ്. സത് സംഘ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തത് ഈ ചര്‍ച്ചയുടെ തീരുമാനത്തിന്റെ ഭാഗമായാണ്. അത്രയൊന്നും നഷ്ടം ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്നും അസിസ്റ്റന്റ് അമീര്‍ കൂട്ടിചേര്‍ത്തു.

കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ആര്‍എസ്എസുമായി ദേശീയതലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ന്യായീകരിച്ചാണ് ജമാഅത്തെ ഇസ്ലാമി കേരള ഘടകം രംഗത്തെത്തിയിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ല. ആര്‍എസ്എസും പ്രമുഖ സംഘടനകളും തമ്മിലാണ് ചര്‍ച്ച നടന്നതെങ്കിലും ജമാഅത്തെ- ആര്‍എസ്എസ് ചര്‍ച്ച എന്ന് വരുത്തി തീര്‍ക്കാനാണ് കേരളത്തില്‍ ശ്രമമുണ്ടായത്. . സംഘടനാ വിഷയങ്ങളല്ല, മറിച്ച് സാമുദായിക വിഷയങ്ങളാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. മുസ്ലിം സംഘടനകളുമായി ആര്‍എസ്എസ് നടത്തിയ ചര്‍ച്ചയില്‍ ഭാഗമാകുക മാത്രമാണ് ചെയ്തതെന്ന വിചിത്ര ന്യായമാണ് പി മുജീബ് റഹ്‌മാന്‍ പറയുന്നത്.

ആര്‍എസ്എസുമായി ചര്‍ച്ച: മുഖ്യമന്ത്രിക്ക് ഇസ്ലാമോഫോബിയയെന്ന് ജമാഅത്തെ ഇസ്ലാമി
'പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാനാകില്ല' ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് ചർച്ചയെ വിമർശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി

മുസ്ലിം സംഘടനകളെ ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് വിളിച്ചതിനെ പ്രശ്നവത്കരിക്കുന്നത് പ്രത്യേക അജന്‍ഡ വച്ചാണ്. ജമാഅത്തെ ഇസ്ലാമിയെ മാത്രം ആക്രമിക്കുന്നത് ഇസ്ലാമോഫോബിയയും ഭാഗമാണ്. മുസ്ലിം ലീഗ് അടക്കമുള്ള മറ്റ് മുസ്ലിം സംഘടനകളുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് കാര്യമാക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ മുജീബ് റഹ്‌മാന്‍, പിന്നീട് സ്വരം മയപ്പെടുത്തി. ആര്‍എസ്എസുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുസ്ലിം സംഘടനകള്‍ക്ക് ജാഗ്രതയുണ്ടെന്നും ആ ജാഗ്രത സ്വാഗതം ചെയ്യുന്നുവെന്നും സമാന ജാഗ്രത ജമാഅത്തെ ഇസ്ലാമിക്കും ഉണ്ടെന്നുമായിരുന്നു പ്രതികരണം.

logo
The Fourth
www.thefourthnews.in