അവതാർ; ദ വേ ഓഫ് വാട്ടർ
അവതാർ; ദ വേ ഓഫ് വാട്ടർ

അവതാർ 2 വിന് കേരളത്തിൽ വിലക്ക് ; തീയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്

വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കിന് കാരണം
Updated on
1 min read

കാമറണ്‍ ചിത്രം അവതാര്‍ ദ വേ ഓഫ് വാട്ടറിന് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കേര്‍പ്പെടുത്തിയതിന് കാരണം. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. ചിത്രം ഡിസംബര്‍ 20 ന് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷര്‍.

തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന കളക്ഷന്റെ 60 ശതമാനം നല്‍കണമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത് കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് സാധിക്കില്ല. നിലവില്‍ നല്‍കികൊണ്ടിരിക്കുന്നത് 50 ശതമാനമാണ് അതേ നല്‍കാന്‍ സാധിക്കു. കളക്ഷന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മൂന്നാഴ്ചയെങ്കിലും തിയറ്ററില്‍ ഓടണമെന്നാണ് വിതരണക്കാരുടെ മറ്റൊരു ആവശ്യം . അതും പരിഗണിക്കാന്‍ സാധിക്കില്ല. വളരെയധികം പ്രേക്ഷക പ്രീതിയുള്ള സിനിമ എന്ന നിലയില്‍ വിട്ടുവീഴ്ചകള്‍ക്ക് ഞങ്ങള്‍ തയാറാണ് എന്നാല്‍ 60 ശതമാനം എന്ന കണക്ക് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തിയേറ്റര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ആളുകള്‍ കൂടുതലായി തിയറ്ററുകളിലേയ്‌ക്കെത്തുന്നില്ല, അതുകൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തില്‍ ഇത്ര വലിയൊരു തുക വിതരണക്കാര്‍ക്ക് നല്‍കുക എന്നത് ഭാവിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതേസമയം ആരെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായാല്‍ അത് വിലക്കില്ലെന്നും ഒരു സംഘടന എന്ന നിലയിലാണ് വ്യക്തമാക്കുന്നതെന്നും തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ (ഫിയോക്) പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കി.

അവതാര്‍ ഇറങ്ങി പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രദര്‍ശനത്തിനെത്തുന്ന രണ്ടാംഭാഗം, 2000 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. കാമറൂണും റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് അവതാര്‍ ദ വേ ഓഫ് വാട്ടറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2009 ലായിരുന്നു അവതാര്‍ ആദ്യ ഭാഗം റിലീസ് ചെയ്തിരുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമായിരുന്നു അവതാര്‍. അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. 2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവന്‍ കളക്ഷന്‍. രണ്ടാം ഭാഗം 2020 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു കാമറണ്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബറിലുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് സാധ്യമായില്ല. തുടര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ റിലീസ് ഈ വര്‍ഷം ഡിസംബറിലേക്ക് തീരുമാനിച്ചത്. മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028ലും റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in