ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം; എംവി ഗോവിന്ദന്റെ ലീഗ് പ്രശംസയെകുറിച്ച് സമസ്ത മുഖപത്രം
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പരോക്ഷ വിമര്‍ശനവുമായി സമസ്ത ഇകെ വിഭാഗം. സുപ്രഭാതം ദിനപത്രത്തിലെ ലേഖനത്തിലാണ് ലീഗ് സിപിഎമ്മിന് ഒരു ഒഴിയാബാധയായി നിലനില്‍ക്കുന്നു എന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. 1985ല്‍ എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം വി രാഘവന്‍ അവതരിപ്പിച്ച ബദല്‍രേഖയുള്‍പ്പെടെ പരാമര്‍ശിച്ചാണ് ലേഖനം നിലപാടിന് പിന്നിലെ കാരണം വിലയിരുത്തുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിനെ ഒപ്പുമണ്ടായാല്‍ വലിയ വിജയം നേടാനാകും. നിയമസഭാ തെരഞ്ഞെടുപ്പിലും പാട്ടുംപാടി വിജയിക്കാമെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ഒരു നിലപാട് എംവി ഗോവിന്ദന്‍ സ്വീകരിച്ചതെന്നാണ് പരാമര്‍ശം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ പരാജയം ഏറ്റുവാങ്ങി. അത് വലിയ വ്യത്യാസമൊന്നും കൂടാതെ അടുത്തതിലും ആവര്‍ത്തിച്ചേയ്ക്കും. ലീഗ് കൂടി മുന്നണിയിലുണ്ടായാല്‍ ആ സ്ഥിതിയില്‍ മാറ്റം വരും. എല്‍ഡിഎഫിന് വിജയിക്കാനാവാത്ത രണ്ടു സീറ്റുകളിലാണ് തുടര്‍ച്ചയായി ലീഗ് ജയിക്കുന്നത്. അതു തന്നെ അവര്‍ക്ക് കൊടുത്താല്‍ മതിയാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിനെ ഒപ്പുമുണ്ടായാല്‍ വലിയ വിജയം നേടാനാകും. നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിയ്ക്ക് പാട്ടുംപാടി വിജയിക്കാമെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു.
അധികാരരാഷ്ട്രീയത്തില്‍ അസംഭവ്യമായി ഒന്നുമില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ലീഗ് ഇടത് പക്ഷത്തോടൊപ്പം നില്‍ക്കുമോ എന്നത് സംശയമാണ് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫില്‍ ലഭിക്കുന്ന പ്രാധാന്യം ഇടതുമുന്നണിയില്‍ ലീഗിന് കിട്ടുമോ എന്ന് സംശയമാണ്. എല്‍ഡിഎഫില്‍ നാലു മന്ത്രിമാരെയൊക്കെ ലീഗിന് കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍, അത് സംഭവിക്കില്ലെന്ന് പറയാനാവില്ല. ഭരണത്തിന്റെ അവസാന കാലമെത്തുമ്പോള്‍ ജനവികാരം തീര്‍ത്തും എതിരാണെന്നും മുന്നണിയില്‍ ആള്‍ബലമുള്ള മറ്റൊരു കക്ഷികൂടി ഉണ്ടെങ്കിലേ ഭരണത്തുടര്‍ച്ച നേടാനാവൂ എന്നും തോന്നുന്നൊരു രാഷ്ട്രീയ സാഹചര്യമുണ്ടായാല്‍ സിപിഎം അതിനും തയാറായേക്കുമെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കാലത്ത് ലീഗിനോട് പലപ്പോഴും അടുത്തു നില്‍ക്കുന്ന നിലപാട് സ്വീകരിച്ചു.
ബദല്‍ രേഖയുടെ കാലത്ത് എംവി ആറിനെയും കൂട്ടരെയും പുറത്താക്കി പാര്‍ട്ടി ശുദ്ധ വര്‍ഗീയവിരുദ്ധ പരിവേഷമുണ്ടാക്കി. എന്നാല്‍ പിന്നീട് നിലപാടുകളില്‍ പലപ്പോഴായി മാറ്റം വന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലെത്തി. ലീഗിനെ പിളര്‍ത്തി രൂപംകൊണ്ട ഐഎന്‍എല്ലിനെ ഒപ്പം നിര്‍ത്തി. പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കാലത്ത് ലീഗിനോട് പലപ്പോഴും അടുത്തു നില്‍ക്കുന്ന നിലപാട് സ്വീകരിച്ചു. അടവുനയമെന്ന പുത്തന്‍ സൈദ്ധാന്തിക നയത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും സിപിഎം ലീഗുമായി സഹകരിച്ചു. എന്നാല്‍ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പുത്തന്‍ ഭാവങ്ങളാണിതെന്നും സുപ്രഭാതം കുറ്റപ്പെടുത്തുന്നു.