ജനാര്‍ദ്ദനന്‍
ജനാര്‍ദ്ദനന്‍

ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍ അന്തരിച്ചു

കോവിഡ് കാലത്ത് ജീവിത സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനനെന്ന് മുഖ്യമന്ത്രി
Updated on
1 min read

ജീവിതകാലം മുഴുവന്‍ ബീഡി തെറുത്ത്, മുണ്ട് മുറുക്കിയുടുത്ത് മിച്ചം വച്ച രണ്ട് ലക്ഷം രൂപ കൂടുതലൊന്നും ആലോചിക്കാതെ നാടിനുവേണ്ടി പൂര്‍ണമനസ്സോടെ സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനനെ മലയാളി മറക്കാനിടയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യം മുഴുവന്‍ സംഭാവന ചെയ്ത കണ്ണൂരിലെ ആ ബീഡിത്തൊഴിലാളി അന്തരിച്ചു. ഇന്നലെ രാത്രിയോടെ വീട്ടില്‍ കുഴഞ്ഞുവീണായിരുന്നു അന്ത്യം. 65 വയസായിരുന്നു.

പേര് വെളിപ്പെടുത്താതെ ആകെയുള്ള സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തപ്പോള്‍ മാധ്യമങ്ങളാണ് ജനാര്‍ദ്ദനനെ കണ്ടെത്തി കേരളത്തിന് കാണിച്ച് കൊടുത്തത്. 36 വര്‍ഷം കണ്ണൂര്‍ ദിനേശ് ബീഡിയില്‍ ജോലി ചെയ്ത് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

ജനാര്‍ദ്ദനന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കോവിഡ് കാലത്ത് ജീവിത സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥി കൂടിയായിരുന്നു ജനാര്‍ദ്ദനന്‍. 2021ലാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജനാര്‍ദ്ദനന്‍ രണ്ട് ലക്ഷം സംഭാവനയായി നല്‍കിയത്. 850 രൂപ മാത്രം ബാക്കിവച്ചായിരുന്നു ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.

അന്നന്നത്തെ ചെലവിനായി മരണം വരെയും ആ തൊഴിലിനെ ചേര്‍ത്തുപിടിച്ചാണ് ജനാര്‍ദ്ദനന്റെ മടക്കം. വീട്ടിലിരിക്കുമ്പോഴും അന്നത്തിന് വഴികാട്ടിയ ബീഡി തെറുപ്പ് അദ്ദേഹം മറന്നില്ല. ജീവിതത്തിലുടനീളം അടിമുടി കമ്യൂണിസ്റ്റായിരുന്നു ചാലാടന്‍ ജനാര്‍ദ്ദനന്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതിരുന്നിട്ടും മാധ്യമങ്ങള്‍ തേടിയെത്തിയപ്പോള്‍ അദ്ദേഹം അന്ന് പറഞ്ഞതിങ്ങനെയായിരുന്നു. ''സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇതൊന്നും പുറത്ത് പറയാതിരുന്നത്. ഞാന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരനാണ്. പക്ഷേ പൂര്‍ണമായുമായോ എന്ന് ചോദിച്ചാല്‍ ആയിട്ടില്ല''.

മലയാളി അടുത്തിടെ കണ്ട 'കരുണയുടെ ആള്‍രൂപമാണ്' ജനാര്‍ദ്ദനന്‍. സ്വന്തം നാടിന്റെ അതിജീവനത്തിന് സ്വാര്‍ഥതയില്ലാതെ സമ്പാദ്യം മാറ്റിവച്ച മനുഷ്യസ്നേഹി. ചാലാടന്‍ ജനാര്‍ദ്ദനന്റെ വിയോഗത്തില്‍ സിപിഎം നേതാക്കളും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരും അനുശോചിച്ചു.

logo
The Fourth
www.thefourthnews.in