ജസ്ന തിരോധാനത്തിൽ വഴിത്തിരിവ്; സിബിഐയ്ക്ക് നിർണായക മൊഴി ലഭിച്ചു
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. കേസില്‍ സിബിഐക്ക് നിര്‍ണായകമായ മൊഴി ലഭിച്ചു. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം, മോഷണ കേസിലെ പ്രതിക്ക് അറിയാമെന്ന് സഹതടവുകാരനാണ് സിബിഐക്ക് മൊഴി നല്‍കിയത്. തിരോധാനത്തെ കുറിച്ച് അറിയാമെന്ന് പറഞ്ഞ പത്തനംതിട്ട സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ജസ്‌ന തിരോധാനക്കേസില്‍ സിബിഐക്ക് നിര്‍ണായക മൊഴി ലഭിക്കുന്നത്. സെല്ലില്‍ കൂടെ ഉണ്ടായിരുന്ന മോഷണക്കേസിലെ പ്രതി ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് തന്നോട് പറഞ്ഞുവെന്നാണ് മറ്റൊരു പ്രതിയുടെ വെളിപ്പെടുത്തല്‍. മോഷണക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരനാണ് സിബിഐയെ വിളിച്ച് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ഇയാളുടെ മൊഴിയെടുക്കുകയായിരുന്നു. ജസ്‌നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്ന് വെളിപ്പെടുത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവ് ജയില്‍ മോചിതനായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. യുവാവിനെ കണ്ടെത്തി കൂടുതല്‍ അന്വേഷണത്തിന് സിബിഐ ശ്രമം ആരംഭിച്ചതായാണ് വിവരം.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. വഴിമുട്ടി നില്‍ക്കുന്ന അന്വേഷണ സംഘത്തിന് പുതിയ കച്ചിത്തുരുമ്പാണ് തടവുകാരന്‍ സഹതടവുകാരനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍.