അരി വില: ചര്‍ച്ച വിജയം; പക്ഷേ, ആന്ധ്രയില്‍ നിന്നുള്ള ജയ അരി വൈകും
സംസ്ഥാനത്ത് ആന്ധ്രയില്‍ നിന്ന് ജയ അരി എത്താന്‍ അഞ്ച് മാസം കൂടി സമയമെടുക്കും. ആന്ധ്രയില്‍ ജയ അരി സ്റ്റോക്കില്ലെന്ന് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു അറിയിച്ചു. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ അറിയിക്കും. കര്‍ഷകരില്‍ നിന്ന് അരി സംഭരിച്ച ശേഷം കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്നും ആന്ധ്ര ഭക്ഷ്യ മന്ത്രി വ്യക്തമാക്കി. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആന്ധ്ര ഭക്ഷ്യമന്ത്രി നിലവിലെ സാഹചര്യം വിശദീകരിച്ചത്.
ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയമാണെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ജയ അരി അടക്കം ആറ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടെടുത്ത് എത്തിക്കുമെന്ന ഉറപ്പാണ് ചര്‍ച്ചയുടെ വിജയമെന്ന് ജി ആര്‍ അനില്‍ വിശദീകരിച്ചു. ജയ അരിക്ക് പുറമെ കടല, വന്‍ പയര്‍, മല്ലി, വറ്റല്‍ മുളക്, പിരിയന്‍ മുളക് എന്നിവയും നേരിട്ട് സംഭരിച്ച് എത്തിക്കും. ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് പരമാവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിലക്കുറച്ച് നല്‍കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.
ഓരോ സീസണിലും കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കും. ആന്ധ്രാ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ ഇവ സൂക്ഷിക്കും. സംഭരിക്കുന്ന വിലയ്ക്ക് തന്നെ കേരളത്തില്‍ വിതരണം ചെയ്യാമെന്ന ഉറപ്പും കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തി റെയില്‍ മാര്‍ഗമായിരിക്കും സാധനങ്ങള്‍ എത്തിക്കുക.