എല്‍ജെഡി-ജെഡിഎസ് ലയനം യാഥാർഥ്യമാകുന്നു;മാത്യു ടി തോമസ് സംസ്ഥാന അധ്യക്ഷനാകും; ശ്രേയാംസ് കുമാര്‍ ദേശീയ സെക്രട്ടറി
എല്‍ജെഡി യുഡിഎഫ് വിട്ട് തിരികെ എല്‍ഡിഎഫില്‍ എത്തിയ കാലം മുതല്‍ ഉയര്‍ന്നുവന്ന പ്രധാന ചര്‍ച്ചയായിരുന്നു ജെഡിഎസ്-എല്‍ജെഡി ലയനം. ജനതാദൾ പാർട്ടികളെ ഏകോപിപ്പിക്കാനുള്ള ദേശീയതലത്തിലെ തന്നെ തീരുമാനെ പിൻപറ്റിയാണ് സംസ്ഥാനത്ത് ജെഡിഎസും എല്‍ജെഡിയും ലയനത്തിനുള്ള തീരുമാനത്തിലെത്തുന്നത്. ഇന്നലെ കണ്ണൂരില്‍ ചേര്‍ന്ന എല്‍ജെഡി നേതൃയോഗം ലയനത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിഎസ് നേതൃയോഗവും ലയനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഇതോടെ ഇരു പാർട്ടികളുടെയും ലയനം ഉടൻ സാധ്യമാകും
ലയനത്തിന് പൂര്‍ണമായി പച്ചക്കൊടി കാണിച്ചിരിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റ് ലയനത്തിന് അംഗീകാരം നല്‍കി. പദവികള്‍ പങ്കുവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷം അഖിലേന്ത്യാ പ്രസിഡന്റിന്റെ അംഗീകാരത്തോടെ തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം മാത്യു ടി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതുപ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന അധ്യക്ഷനാകും. നിലവില്‍ എല്‍ജെഡിയുടെ സംസ്ഥാന അധ്യക്ഷനായ എം വി ശ്രേയാംസ് കുമാര്‍ ദേശീയ സെക്രട്ടറിയാകാനാണ് ധാരണ. ഒപ്പം ഏഴ് ജില്ലകള്‍ പരസ്പരം പങ്കിട്ടെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ജെഡി. മറ്റ് ജില്ലകള്‍ ജെഡിഎസിനും.
നേരത്തെ ദേശീയ തലത്തില്‍ എല്‍ജെഡി ശരത് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ചിരുന്നു. എന്നാല്‍ ഈ ലയനത്തിന് കേരളത്തിലെ എല്‍ജെഡി ഘടകം തയ്യാറായില്ല. അവര്‍ വേറിട്ട് നിന്ന ശേഷം ഇപ്പോള്‍ ജെഡിഎസില്‍ ലയിക്കുകയായിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ജെഡി വീണ്ടും പഴയ ജെഡിഎസ് ആകാനൊരുങ്ങുന്നത്.