വയനാട് മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം; 3 പേരുടെ നില ഗുരുതരം

വയനാട് മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം; 3 പേരുടെ നില ഗുരുതരം

തേയില നുള്ളാന്‍ പോയി മടങ്ങവേയായിരുന്നു സംഭവം. 12 പേർ ജീപ്പിലുണ്ടായിരുന്നു
Updated on
1 min read

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം. വൈകിട്ട് 3.45 ഓടെ തലപ്പുഴ കണ്ണോത്ത് മലയിലായിരുന്നു അപകടം. തേയില നുള്ളാന്‍ പോയി മടങ്ങവേയായിരുന്നു സംഭവം. 12 പേർ ജീപ്പിലുണ്ടായിരുന്നു. മരിച്ച ഒൻപത് പേരും സ്ത്രീകളാണ്.

മണ്ണത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് പാറക്കെട്ടുള്ള കൊക്കയിലേക്ക് മറിഞ്ഞത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കെ എല്‍ 11 ബി 5655 നമ്പര്‍ ജീപ്പാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവരെ തിരച്ചറിഞ്ഞു.

വാളാട് നിന്ന് കമ്പമലയിലേക്ക് പോകുകയായിരുന്ന ജീപ്പ് 25 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക വിവരം. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ താമസിക്കുന്നവർ അപകടത്തിൽ ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം.

വനം മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് തിരിച്ചത്. പരുക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സംഭവത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. ഒൻപത് പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്നും ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് സ്പീക്കർ എ എൻ ഷംസീർ. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in