തട്ടുപൊളിപ്പൻ രാഷ്‍ട്രീയ നാടകം; മത മേലധ്യക്ഷന്മാരെ തള്ളി ലത്തീൻ സഭാ മുഖപത്രം

തട്ടുപൊളിപ്പൻ രാഷ്‍ട്രീയ നാടകം; മത മേലധ്യക്ഷന്മാരെ തള്ളി ലത്തീൻ സഭാ മുഖപത്രം

മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന ക്രൈസ്തവ നാമമുള്ള തീവ്രവാദികള്‍ സംഘപരിവാറിന്റെ ചട്ടുകങ്ങളായെന്ന് മുഖപ്രസംഗം
Updated on
2 min read

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ ബിജെപി പ്രീണനത്തെ വിമർശിച്ച് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെയും ഓർത്തോഡോക്സ് സഭയുടെ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം.

മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന ക്രൈസ്തവ നാമമുള്ള തീവ്രവാദികള്‍ സംഘപരിവാറിന്റെ ചട്ടുകങ്ങളായി മാറിയെന്നും ജീവനാദം കുറ്റപ്പെടുത്തുന്നു.'കാറ്റ് മാറി വീശുമ്പോൾ' എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തില്‍ ഈസ്റ്റർ ദിനത്തിലെ പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനത്തെയും ബിജെപി നേതാക്കള്‍ മതമേലധ്യക്ഷന്മാരെ കണ്ടതിനെയും പരിഹസിക്കുന്നുണ്ട്.

ഈസ്റ്റർ ദിനത്തിൽ ബിജെപി കേരളത്തിലെ ക്രൈസ്തവ വീടുകളിൽ നടത്തിയ സന്ദർശനത്തെ തട്ടുപൊളിപ്പൻ രാഷ്ട്രീയ നാടകവിശകരമെന്നാണ് ജീവനാദം വിശേഷിപ്പിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് പള്ളിയില്‍ നടത്തിയ സന്ദർശനവും ട്വിറ്ററിലെ ഈസ്റ്റർ ആശംസയേയുമെല്ലാം പരിഹസിക്കുകയാണ് മുഖപ്രസംഗം. രാജ്യത്താകമാനം ഭരണകൂട ഒത്താശയോടെ ക്രൈസ്തവർക്ക് നേരെ സംഘപരിവാർ നടത്തുന്ന വേട്ടയാടലുകളെ തള്ളിപറയാത്തയാളാണ് പ്രധാനമന്ത്രി. 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന പഴയ മുദ്രാവാക്യത്തിൽ ന്യൂനപക്ഷ സംരക്ഷണവും ഉൾപ്പെടുമെന്ന് പ്രത്യാശിക്കുന്നവർക്ക് ലഭിച്ച ചെറിയ ആശ്വാസമാണ് മോദിയുടെ ഈസ്റ്റർ ആശംസയെന്നാണ് പരിഹാസം.

ബിജെപി കേരളത്തിലെ ക്രൈസ്തവ വീടുകളിൽ നടത്തിയ സന്ദർശനത്തെ തട്ടുപൊളിപ്പൻ രാഷ്ട്രീയ നാടകാവിഷ്കാരമെന്നാണ് ജീവനാദം വിശേഷിപ്പിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ കുറിച്ചും പരാമർശമുണ്ട്. റബ്ബറിന്റെ വില 300 ആക്കിയാൽ ഒരു എം പിയെ പകരം നൽകാമെന്ന പാംപ്ലാനിയുടെ വാഗ്ദാനത്തെ മുഖപ്രസംഗം തള്ളിക്കളഞ്ഞു. അങ്ങനെയെങ്കിൽ തലശേരി അതിരൂപതയുടെ കീഴിലുള്ള കർണാടകയിലെ ബിജെപി ഭരിക്കുന്ന മണ്ഡങ്ങളിൽ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചതിന്റെ കണക്കുകളുണ്ടോയെന്നാണ് ചോദ്യം.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിനെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര സംഭവവുമായി താരതമ്യപ്പെടുത്തി വർഗീയ വിദ്വേഷമുണ്ടാക്കാൻ ശ്രമം നടക്കുന്നുണെന്നും മുഖപത്രം ആരോപിക്കുന്നു. സംസ്ഥാനത്ത് മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന ക്രൈസ്തവനാമധാരികളായ തീവ്രവാദി സൈബർ പോരാളി ഗ്രൂപ്പുകൾ സംഘ്പരിവാറിന്റെ ചട്ടുകങ്ങളാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ഗോവയിൽ കൂറുമാറ്റത്തിലൂടെയാണ് ബിജെപി ഭരണം പിടിച്ചത്. നാഗാലാന്റിലും മേഖലയിലും ഭരണത്തിൽ തുടരാനായെങ്കിലും വോട്ടുവിഹിതത്തിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ ബിജെപിക്ക് സാധിക്കില്ല. ഈ വിജയം ആഘോഷിച്ചുകൊണ്ടാണ് അടുത്തത് കേരളം എന്ന പ്രഖ്യാപനം മോദി നടത്തുന്നത്.

തട്ടുപൊളിപ്പൻ രാഷ്‍ട്രീയ നാടകം; മത മേലധ്യക്ഷന്മാരെ തള്ളി ലത്തീൻ സഭാ മുഖപത്രം
കാലം മാപ്പ് തരില്ല! സഭാനേതൃത്വത്തിന്റെ വിചാരധാരയിലെ അടിയന്തര മാറ്റത്തിന്റെ അടിസ്ഥാനമെന്ത്? ആലഞ്ചേരിയെ തള്ളി സത്യദീപം

രാജ്യത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കർണാടകത്തിന്. കൂടാതെ ബിജെപിയുടെ സമൂഹമാധ്യമ ശൃംഖല വ്യാജവാർത്താ നിർമിതിയാൽ പ്രശസ്തമാണ്. ഹിജാബ്, ഹലാൽ, ബാങ്ക് വിളി, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ വർഗീയ ധ്രൂവീകരണവും വിദ്വേഷ പ്രചാരണവും നടത്തുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയവും ജീവനാദം ചൂണ്ടിക്കാട്ടുന്നു. ഈ വക പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കർണാടകയെന്നും മുഖപത്രം പറയുന്നു.

ന്യൂനപക്ഷ മോർച്ച നേതാക്കൾക്കൊപ്പം മലയാറ്റൂർ കുരിശുമുടി കയറാൻ പുറപ്പെട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനും കൂട്ടരും ദൗത്യം മതിയാക്കി മടങ്ങിയതിനെയും ജീവനാദം പരിഹസിക്കുന്നു. അതൊരു ഡാർക്ക് ഹ്യൂമർ ആയിരുന്നുവെന്നാണ് പരിഹാസം.

logo
The Fourth
www.thefourthnews.in