ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് സിബിഐ
ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യതമാക്കി. ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ തള്ളി.
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം കൈ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നില്ലെന്നും ജെസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും ജസ്ന മരിച്ചുവെന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും നിപുൽ ശങ്കർ കോടതിയിൽ പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതിതന്നെയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ പ്രധാന സംഭവങ്ങൾ സി ബി ഐ അന്വേഷിച്ചിട്ടില്ലെന്നും കേസിൻ്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ്റ മൊഴി സി ബി ഐ രേഖപ്പെടുത്തിയില്ലെന്നും എതിർഭാഗം വാദിച്ചു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിക്ക് എങ്ങനെയാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതെന്നും ജെസ്നയുടെ പിതാവിൻ്റെ അഭിഭാഷകൻ ശ്രീനിവാസന്‍ വേണുഗോപാല്‍ കോടതിയോട് ആരാഞ്ഞു. എന്നാൽ കേസിൻ്റെ മുഴുനീള അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി എടുത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി.
പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍നിന്ന് 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്.