ജിമ്മി ജെയിംസ് ദ ഫോർത്ത് ടിവി എക്സിക്യുട്ടീവ് എഡിറ്റർ 

ജിമ്മി ജെയിംസ് ദ ഫോർത്ത് ടിവി എക്സിക്യുട്ടീവ് എഡിറ്റർ 

25 വർഷത്തെ അനുഭവ പരിചയവുമായാണ് ദ ഫോർത്ത് ടിവി എഡിറ്റോറിയൽ ടീമിന്റെ തലപ്പത്തേക്ക് ജിമ്മി ജെയിംസ് എത്തുന്നത്
Updated on
1 min read

പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകൻ ജിമ്മി ജെയിംസ് ദ ഫോർത്ത് ടിവി എക്സിക്യൂട്ടിവ് എഡിറ്റര്‍. തിരുവനന്തപുരത്തെ ദ ഫോർത്ത് ആസ്ഥാനത്തെത്തിയാണ് ജിമ്മി ജെയിംസ് ചുമതലയേറ്റെടുത്തത്. ഓഗസ്റ്റില്‍ സാറ്റലൈറ്റ് സംപ്രേഷണം ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ജിമ്മിയുടെ നിയമനം.

25 വർഷത്തെ അനുഭവ പരിചയവുമായാണ് ചാനല്‍ എഡിറ്റോറിയൽ ടീമിന്റെ തലപ്പത്ത് ജിമ്മി എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിൽ കോ ഓർഡിനേറ്റിംഗ് എഡിറ്റർ ആയിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ടുവർഷമായി ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയിൽ കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. ടിവി ഐ (ന്യൂഡൽഹി) യിലും  എൻടിവിയിലും പ്രവർത്തിച്ച ശേഷമാണ് ജിമ്മി 2001-ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുന്നത്. 

പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ  ജിമ്മി ജെയിംസ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ്. മികച്ച റിപ്പോർട്ടർ, മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, മികച്ച അഭിമുഖ കർത്താവ് എന്നീ വിഭാഗങ്ങളിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവാണ്.

“ഓൺലൈൻ മാധ്യമ രംഗത്ത് ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ദ ഫോർത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു സംഘം മികച്ച ടെലിവിഷൻ പ്രൊഫഷനലുകളെയാണ് വാർത്താ ചാനലിനുവേണ്ടിയും ഞങ്ങൾ അണിനിരത്തുന്നത്. ആ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ജിമ്മി ജെയിംസ്,” ടൈം സ്‌ക്വയർ കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ റിക്‌സൺ ഉമ്മൻ വർഗീസ് പറഞ്ഞു. 

ദ ഫോർത്ത് ഓൺലൈന്‍ പ്ലാറ്റ്ഫോമിന് ഒരു വയസ് പൂർത്തിയാകുന്ന ഓഗസ്റ്റ് 15ന് സാറ്റലൈറ്റ് ചാനല്‍ ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in