'ഒരു പാര്‍ട്ടിക്കും എതിരല്ല, മോദിയുടേത് മികച്ച ഭരണം'; നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍
ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിര്‍ണായക നീക്കവുമായി നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) പ്രഖ്യാപിച്ചു. വി വി അഗസ്റ്റിനാണു സ്ഥാപക ചെയര്‍മാന്‍. ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനാണ്. എറണാകുളത്ത് നടന്ന പരിപാടിയിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.
മാത്യു സ്റ്റീഫന്‍, കെ ഡി ലൂയിസ് (വൈസ് ചെയര്‍മാന്‍മാര്‍), സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്കര, സി പി സുഗതന്‍, എലിസമ്പത്ത് ജെ കടവന്‍ (ജനറല്‍ സെക്രട്ടറിമാര്‍), ഡോ. ജോര്‍ജ് എബ്രഹാം (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.
എന്‍പിപിയ്ക്ക് ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്ന് ചെയര്‍മാന്‍ വി വി അഗസ്റ്റിന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരുമല്ല. തല്‍ക്കാലം ഒരു മുന്നണിയിലേക്കും ഇല്ല. ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ല. കാര്‍ഷികമേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യം. റബ്ബറിന് 300 രൂപ വില ലഭിക്കണം. അതിനായി എന്നും സമരരംഗത്തുണ്ടാകും. ബിഷപ് പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ വികാരം ഉള്‍ക്കൊണ്ടാണ്. അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം.
കേന്ദ്രസര്‍ക്കാരിനോട് എതിര്‍പ്പുമില്ല, പ്രത്യേക സ്‌നേഹവുമില്ല. ബിജെപി നേതാക്കളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ പോയി കാണും.
രാജ്യത്തിനുവേണ്ടി മികച്ച ഭരണമാണ് മോദി നടത്തുന്നത്. അദ്ദേഹത്തിന് രാജ്യത്തിന് പുറത്തും വിപുലമായ ബന്ധമുണ്ട്. മതമേലധ്യക്ഷന്മാരെ ബിജെപി കാണുന്നതില്‍ തെറ്റില്ല. അത് എല്ലാ പാര്‍ട്ടികളും ചെയ്യുന്നതാണെന്നും അഗസ്റ്റിന്‍ പറഞ്ഞു.
എന്‍പിപിയുടെ കണ്‍വെന്‍ഷന്‍ മൂന്നു മാസത്തിനുള്ളില്‍ കൊച്ചിയില്‍ നടത്തുമെന്നും ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.
കര്‍ഷകര്‍ക്കു പുറമെ കര്‍ഷകത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ആകര്‍ഷിക്കാനാണ് എന്‍പിപി ലക്ഷ്യമിടുന്നത്. ജോണി നെല്ലൂരും മാത്യു സ്റ്റീഫനുമടക്കമുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവയ്ക്കുകയായിരുന്നു.