'ക്രിസ്മസ് കരിദിനമാക്കിയവര്‍ക്ക് എതിരെ നടപടി വേണം': സെന്റ് മേരീസ് ബസലിക്ക വികാരിമാരെ മാറ്റണമെന്ന് സഭാ സംരക്ഷണ സമിതി

'ക്രിസ്മസ് കരിദിനമാക്കിയവര്‍ക്ക് എതിരെ നടപടി വേണം': സെന്റ് മേരീസ് ബസലിക്ക വികാരിമാരെ മാറ്റണമെന്ന് സഭാ സംരക്ഷണ സമിതി

സമരത്തിന് നേതൃത്വം നൽകുന്ന പുരോഹിതന്മാരുടെ പ്രഖ്യാപനം തള്ളിക്കളഞ്ഞ വിശ്വാസി സമൂഹത്തിന് നന്ദി പറഞ്ഞ് സഭാ സംരക്ഷണ സമിതി
Updated on
1 min read

എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിലെ ഏകീകൃത കുർബാന തർക്കത്തില്‍ പങ്കാളികളായ ബസലിക്ക വികാരിയേയും സഹ വികാരിമാരേയും മാറ്റണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി. സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരെയും ജീവനക്കാരേയും മാത്രമെ ഇനി മുതല്‍ ബിഷപ്പ് ഹൗസിൽ പ്രവേശിപ്പിക്കാൻ അനുവാദിക്കാവൂയെന്നും അതിരൂപത സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സഭാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന വൈദികരോ വിശ്വാസികളോ ബിഷപ്പ് ഹൗസിലേക്ക് പ്രവേശിക്കാതെ ശക്തമായി തടയണം. ക്രിസ്മസ് ദിനം കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തവർക്കെതിരെ സഭാ നേതൃത്വം ഇടപെട്ട് ശക്തമായ നടപടി എടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അതിരൂപതയിലെ വിവിധ പള്ളികൾ , സ്കൂളുകൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വരവ് - ചെലവുകളെ പറ്റി അടിയന്തരമായി അന്വേഷണം നടത്തണം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വൈദികരെ ഒഴിവാക്കണമെന്നും അതിരൂപത സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

നേരത്തെ ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ പ്രതികരണവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തിയിരുന്നു. കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് ആലഞ്ചേരി വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ഭാഗമായവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിശ്വാസികള്‍ സമരങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in