ജെഡിഎസ് കേരള ഘടകം സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിക്കും; പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്ന് ജോസ് തെറ്റയില്‍
ജനതാദള്‍ സെക്യുലര്‍ കേരള ഘടകം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നു. ജെഡി(എസ്) സംസ്ഥാന വൈസ് പ്രസിഡന്‌റ് ജോസ് തെറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ജെഡിയുമായും ലയനസാധ്യതകള്‍ തേടിയിരുന്നെങ്കിലും ചര്‍ച്ച എങ്ങുമെത്തിയില്ലെന്ന് തെറ്റയില്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.
എസ്‌പിയുടെ ദേശീയ നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അടക്കം സംസ്ഥാന ഘടകം ഒന്നാകെ ഈ തീരുമാനത്തിനൊപ്പമാണ്. എന്നാല്‍ ലയനമുണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെന്നും തെറ്റയില്‍ പറഞ്ഞു.
നിലവില്‍ ദേവഗൗഡയുടെ വിഭാഗവുമായി യാതൊരു ബന്ധവുമില്ല. സി കെ നാണു വിഭാഗവുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ സി കെ നാണു ദേശീയ പ്രസിഡന്റായെന്ന പ്രഖ്യാപനം അംഗീകരിക്കില്ല. ദേശീയ പ്രസിഡന്റിനൊക്കെ ഒരു ഫിഗര്‍ വേണ്ടേയെന്നും ജോസ് തെറ്റയില്‍ ചോദിച്ചു.
നേരത്തെ, ജെഡിഎസും എംവി ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന എൽജെഡി കേരള ഘടകവും തമ്മിൽ ലയിക്കാൻ തീരുമാനിച്ചിരുന്നു. എച്ച് ഡി ദേവെഗൗഡയും മകൻ എച്ച് ഡി കുമാരസ്വാമിയും നേതൃത്വം നൽകുന്ന ജെഡിഎസ് കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനു മുൻപായിരുന്നു ഈ നീക്കം.
പത്രസമ്മേളനം ലയനത്തീയതി വരെ പ്രഖ്യാപിച്ചെങ്കിലും അധികം വൈകാതെ ഇരു കൂട്ടരും അതിൽനിന്ന് പിന്തിരിഞ്ഞു. ഇരു പാർട്ടികളിലും ഉയർന്ന എതിർപ്പായിരുന്നു പ്രധാന കാരണം. ലയനശേഷം തങ്ങളുടെ കൊടിയും തിരഞ്ഞെടുപ്പ് ചിഹ്നവും അംഗീകരിക്കണമെന്ന ജെഡിഎസിന്റെ ഉപാധി എൽജെഡിയിൽ വലിയ എതിർപ്പ് സൃഷ്ടിച്ചിരുന്നു. തങ്ങളുടെ നേതൃത്വം അംഗീകരിക്കുന്നില്ലെങ്കിൽ ലയനം വേണ്ടെന്ന നിലപാട് ജെഡിഎസിലും ഉയർന്നു. തുടർന്ന് എൽജെഡി ലാലുപ്രസാദ് യാദവും മകൻ തേജസ്വി യാദവും നേതൃത്വം നൽകുന്ന ആർജെഡിയിൽ ലയിക്കുകയായിരുന്നു.