ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

'കർഷക പക്ഷം മാത്രം'; ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി മാർ പാംപ്ലാനി

വിവാദമുണ്ടാക്കുന്നവർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ്
Updated on
1 min read

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ന്യൂനപക്ഷ സെമിനാറിന് ക്ഷണിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്നും വിവാദമുണ്ടാക്കുന്നവർ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പാംപ്ലാനി പറഞ്ഞു. കർഷകർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന മുൻ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിഷയത്തില്‍ രാഷ്ട്രീയ പക്ഷമോ, മതപക്ഷമോ ഇല്ല, കർഷക പക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
'റബ്ബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് എംപിയില്ലെന്ന വിഷമം മാറ്റും': നിലപാടിലുറച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി പങ്കെടുക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാനായി ക്ഷണിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്നാണ് പാംപ്ലാനിയുടെ വിശദീകരണം. ബിജെപി നേതാക്കള്‍ അരമനയിലെത്തി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാംപ്ലാനിയുടെ വിശദീകരണം. മലയോര കർഷകർക്ക് വേണ്ടിയാണ് എപ്പോഴും നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസാരിക്കുന്നത് കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടുമാണെന്നും പാംപ്ലാനി പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
വഴിതെളിച്ച് ബിഷപ് പാംപ്ലാനി , സ്വാഗതം ചെയ്ത് ബിജെപി; ചേരിതിരിഞ്ഞ് രാഷ്ട്രീയ കേരളം

റബ്ബറിന് 300 രൂപ വില തന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന വിവാദമായിരുന്നു. റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശനിയാഴ്ച കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in