മാധ്യമ പ്രവര്‍ത്തകന്‍ അനു വാര്യര്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ അനു വാര്യര്‍ അന്തരിച്ചു

കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം
Updated on
1 min read

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ (അനു സിനുബാല്‍, 49) നിര്യാതനായി. ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

1998-ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പിജി ഡിപ്ലോമ നേടിയ ശേഷം ആനുകാലികങ്ങളില്‍ അന്വേഷണാത്മക ഫീച്ചറുകള്‍ എഴുതിയാണ് അനു വാര്യര്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. പിന്നീട് കൊച്ചിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സീനിയര്‍ സബ് എഡിറ്റര്‍ ആയിരുന്നു. യാത്രാവിവരണവും കവിതകളും എഴുതി സാഹിത്യ ലോകത്തും വ്യകതിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നാല് വര്‍ഷം മുന്‍പ് അര്‍ബുദ ബാധിതനായെങ്കിലും ചികിത്സയ്ക്കുശേഷം വീണ്ടും എഴുത്തില്‍ സജീവമായി. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് വീണ്ടും രോഗം കരളിനെ ബാധിക്കുകയായിരുന്നു. മാസങ്ങളായി പാലിയേറ്റീവ് ചികിത്സയ്ക്ക് വിധേയനായിരുന്ന അനു രോഗ വിവരങ്ങള്‍ ചിട്ടയായി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ ചിരിച്ചുകൊണ്ട് നേരിടുകയും രോഗം അവഗണിച്ച് യാത്രകള്‍ നടത്തിയും ആ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പ്രൊഫൈലില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അനുവിന്‌റെ നിര്യാണത്തോടെ രോഗ ബാധിതരായ നിരവധി പേര്‍ക്ക് പ്രചോദനമായ ജീവിതത്തിനാണ് വിരാമമാകുന്നത്.

logo
The Fourth
www.thefourthnews.in