എല്‍ദോസ് കുന്നപ്പിള്ളില്‍
എല്‍ദോസ് കുന്നപ്പിള്ളില്‍

ലൈംഗികാരോപണ കേസ്; എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ എല്‍ദോസിന് കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും
Updated on
1 min read

ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം കഴിഞ്ഞ 15ന് പൂര്‍ത്തിയായിരുന്നു. തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പോലീസ് ആദ്യം കേസ് എടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചതായാണ് വിവരം.

അതേസമയം ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിന് മുൻപ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിലിന്റെ പ്രധാന വാദം. ഇതിനായി പരാതിക്കാരിയുമായി ബന്ധപ്പെട്ട കേസുകള്‍ എല്‍ദോസിന്റെ അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. സമാനമായ ആരോപണമാണ് തനിക്കെതിരെയും ഉന്നയിക്കുന്നതെന്ന് എല്‍ദോസ് ആരോപിച്ചു. പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും.12 ദിവസം കഴിഞ്ഞിട്ടാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായതെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇരു ഭാഗങ്ങളും പരിഗണിച്ചായിരിക്കും കോടതി വിധി.

കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് പെരുമ്പാവൂരിൽ തെളിവെടുപ്പ് നടത്തും. പരാതിക്കാരിയെ എംഎൽഎയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും.

അതേസമയം കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ എല്‍ദോസിന് കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഒളിവില്‍ കഴിയുന്ന എല്‍ദോസ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് സൂചന. നിശ്ചിത സമയ പരിധിക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in