'നക്ഷത്രങ്ങളെ വിശ്വസിക്കരുത്, സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങള്‍'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്
മലയാള സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങളെന്ന പരാമര്‍ശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് ആരംഭിക്കുന്നത് ഈ വാചകങ്ങളോടെയാണ്. ദുരൂഹതകള്‍ നിറഞ്ഞതാണ് സിനിമ മേഖല. പുറമേ കാണുന്നതു പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ചലച്ചിത്രമേഖലയെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം ക്രിമിനലുകളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും പറയുന്നു. സിനിമ മേഖലയിലെ വനികള്‍ക്കു വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വ്യാപകമായ ലൈംഗികചൂഷണം സിനിമരംഗത്ത് നിലനില്‍ക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നടിമാരെ സമ്മര്‍ദം ചെലുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2019 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് പുറത്തുവരുന്നത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമ്മിഷന്റെ നിർദേശമാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് വഴിതുറന്നത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങളൊഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.
49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. 233 പേജ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.
2017ലെ നടിയെ ആക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മിഷന്‍ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.