പരാതിക്കാരന്റെ വാദം കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം; സൈബി ജോസ് ഹാജരായ കേസ് ജഡ്ജി തിരിച്ചുവിളിച്ചു

പരാതിക്കാരന്റെ വാദം കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം; സൈബി ജോസ് ഹാജരായ കേസ് ജഡ്ജി തിരിച്ചുവിളിച്ചു

പട്ടിക ജാതി - പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയെ ജാതിപ്പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പരാതിക്കാരന്റെ വാദം കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവാണ് തിരിച്ചുവിളിച്ചത്
Updated on
1 min read

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണമുയർന്ന അഭിഭാഷകൻ ഹാജരായ കേസ് ജഡ്ജി തിരിച്ചു വിളിച്ചു. അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂർ മുഖേന നൽകിയ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ കേസാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ തിരിച്ചുവിളിച്ചത്. പട്ടിക ജാതി - പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയെ ജാതിപ്പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പരാതിക്കാരന്റെ വാദം കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവാണ് തിരിച്ചുവിളിച്ചത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും വാദത്തിനു മാറ്റാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.

റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർ സൈബി ജോസ് മുഖേന നൽകിയ ഹർജിയിൽ 2022 ഏപ്രിൽ 29ന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നടപടിക്കെതിരെ പരാതിക്കാരനായ ടി ബാബു കോടതിയെ സമീപിച്ചു. തനിക്ക് നോട്ടീസ് നൽകാതെയും വാദം കേൾക്കാതെയും നൽകിയ ഉത്തരവ് അസാധുവാക്കണം എന്നാവശ്യപ്പെട്ട് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. പുഷ്പാംഗദൻ കേസിലുൾപ്പെടെ ഇത്തരത്തിൽ ഉത്തരവ് തിരിച്ചുവിളിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ് തിരിച്ചുവിളിച്ചത്.

2021 ഒക്ടോബർ 21ന് പ്രതികൾ പത്തനംതിട്ട പ്ലാച്ചേരി സ്വദേശി ടി ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹർജി നൽകി. എന്നാൽ പരാതിക്കാരനായ ബാബുവിനെ കക്ഷി ചേർത്തിരുന്നില്ല. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇത്തരം ഹർജികളിൽ പരാതിക്കാരന് നോട്ടീസ് നൽകി കേൾക്കേണ്ടതുണ്ട്. ബാബുവിനെ കക്ഷി ചേർക്കാനും നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. റാന്നി പോലീസ് നോട്ടീസ് നൽകിയശേഷം ഹർജി പരിഗണിക്കാനും മാറ്റി. തുടർന്ന് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഹർജി 2022 മേയ് 20ന് പരിഗണിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, 2022 ഏപ്രിൽ 29ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹർജി തീർപ്പാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in