'തരൂരി'ൽ ഉലഞ്ഞ് കോൺഗ്രസ്, സതീശനെ ലക്ഷ്യമിട്ട് വിമതപക്ഷം, അണ്ടർ എസ്റ്റിമേറ്റ് ചെയ്താൽ മെസ്സിയുടെ ഗതിയെന്ന് കെ മുരളീധരൻ
തരൂരിന്റെ മലബാര്‍ പര്യടനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പോര് രൂക്ഷമാകുന്നു. പരസ്യപ്രസ്താവനകള്‍ വിലക്കുന്ന കെപിസിസി പ്രസിഡന്റിന്റെ കര്‍ശന നിര്‍ദേശം പ്രതിപക്ഷ നേതാവ് തന്നെ ലംഘിച്ചതോടെ ആരോപണ - പ്രത്യാരോപണങ്ങള്‍ കനക്കുകയാണ്. വി ഡി സതീശൻ്റെ വിഭാഗീയത എന്ന ആരോപണത്തെ പരിഹസിച്ചാണ് നേതാക്കൾ ഇന്ന് രംഗത്തെത്തിയത്.
ശശി തരൂരിന് പൂര്‍ണ പിന്തുണയുമായി, വി ഡി സതീശന്റെ പ്രസ്താവനകള്‍ക്കെതിരെ കെ മുരളീധരന്‍ ആഞ്ഞടിച്ചു. തരൂരിനെ എതിര്‍ത്ത് ശത്രുക്കള്‍ക്ക് ആയുധം കൊടുക്കരുത്. ''ആളുകളെ കുറച്ചുകണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയത് പോലെ പറ്റും''- കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂരിന് കേരള രാഷ്ട്രീയത്തില്‍ ഇടമുണ്ട്. അദ്ദേഹം നടത്തുന്നത് വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കുകയാണെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കാര്യങ്ങള്‍ തീരുമാനിക്കും. തരൂരിന്റെ പൊതുപരിപാടികളെല്ലാം അതത് ഡിസിസികളെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. താല്‍ക്കാലിക ലാഭം നോക്കിയാല്‍ അന്തിമമായുണ്ടാകുക നഷ്ടമാകുമെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു. തരൂരിന്റെ മലബാര്‍ പര്യടനത്തെ ചൊല്ലി വിവാദമുയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പിന്തുണച്ച് കെ മുരളീധരന്‍ രംഗത്ത് വന്നിരുന്നു.
വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ന് തരൂർ തന്നെ രംഗത്തെത്തി. വിഭാഗീയത നടത്തുന്നെന്ന ആരോപണം വിഷമമുണ്ടാക്കിയെന്ന് ശശി തരൂര്‍ പറഞ്ഞു. എന്താണ് വിഭാഗീയതയെന്ന് അറിയണം. ആരെയും ആക്ഷേപിച്ചിട്ടില്ല. ആരേയും ഭയമില്ലെന്നും തരൂര്‍ വ്യക്തമാക്കി. സതീശന്റെ ആരോപണത്തിന് മറുപടിയായി നിങ്ങൾ ബലൂൺ ഊതിവീർപ്പിക്കാൻ വന്നതാണോ എന്ന് തരൂർ മാധ്യമങ്ങളോട് ചോദിക്കുകയും ചെയ്തു. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ ആണ് തരൂരെന്ന് അദ്ദേഹത്തിൻ്റെ പേരെടുത്ത് പറയാതെ ഇന്നലെ സതീശൻ പറഞ്ഞിരുന്നു
വിഭാഗീയതയില്ലെന്ന് വ്യക്തമാക്കി തരൂരിന്റെ മലബാര്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്ന എംകെ രാഘവന്‍ എംപിയും രംഗത്ത് വന്നു. പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന് മാത്രമാണ് ലക്ഷ്യം. ബലൂണിനെയും അത് കുത്താനുള്ള സൂചിയെയും അത് പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നെന്ന് വി ഡി സതീശന് മറുപടിയായി എം കെ രാഘവന്‍ പറഞ്ഞു. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന സെമിനാര്‍ മാറ്റിവെച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടതായും എം കെ രാഘവന്‍ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പരസ്യപ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് ശേഷമാണ് ഇന്നലെ വി ഡി സതീശന്‍ തരൂരിനെതിരെ രംഗത്തെത്തിയത്. ''മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍ സൂചി കുത്തിയാല്‍ പൊട്ടും, ഞങ്ങളൊന്നും അങ്ങനെ പൊട്ടിപ്പോകുന്നവരല്ല'' . ഏത് ഉന്നതനായാലും വിഭാഗീയത വെച്ചു പൊറുപ്പിക്കില്ലെന്നുമായിരുന്നു ശശി തരൂരിനെ കുറിച്ചുള്ള ചോദ്യത്തിന് വി ഡി സതീശന്റെ മറുപടി.
കോണ്‍ഗ്രസിന്റെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പരസ്യ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ലെന്നും സുധാകരന്‍ വിശദീകരിച്ചിരുന്നു.