ശങ്കർ മോഹൻ
ശങ്കർ മോഹൻ

ഡയറക്ടര്‍ ശങ്കര്‍ മോഹനെ തള്ളി ഉന്നതതല കമ്മീഷന്‍ ; വിദ്യാര്‍ഥികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍

നിയമത്തിലെ അജ്ഞത ചൂണ്ടിക്കാട്ടി ഉന്നത സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് കമ്മീഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
Updated on
2 min read

വിദ്യാർഥി സമരത്തെ തുടർന്ന് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതതല കമ്മീഷൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ഡയറക്ടർ ശങ്കർ മോഹനെതിരെ റിപ്പോർട്ട്. ജാത്യാധിക്ഷേപം, സംവരണ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരായ മാനസിക പീഡനങ്ങൾ എന്നീ പരാതികൾ ശരിവെച്ചാണ് കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സർക്കാർ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടാനിരിക്കെയാണ് 'ദ ഫോർത്തി'ന് വിവരങ്ങൾ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തില്‍ യോഗ്യത ഉണ്ടായിട്ടും സംവരണ സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും ദളിത് വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അപേക്ഷകന്‍ കോടതിയെ സമീപിച്ചതോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം പുറത്ത് വരുന്നത്. ഇതില്‍ പ്രവേശന പ്രക്രിയ നടത്തുന്ന എല്‍ബിഎസിനാണ് പൂര്‍ണ ഉത്തരവാദിത്വമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ അടൂർ ഗോപാലകൃഷ്ണനും ശങ്കര്‍ മോഹനും പറഞ്ഞിരുന്നത്. എന്നാല്‍ നിയമത്തിലെ അജ്ഞത ചൂണ്ടിക്കാട്ടി ഉന്നത സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പഠന സൗകര്യങ്ങളിലെ അഭാവത്തെക്കുറിച്ചും പ്രയോഗിക പരിശീലനത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ ശരിയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കിടപിടിക്കുന്ന രീതിയില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ എങ്ങനെ മെച്ചപ്പെടുത്താമെന്ന ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെയും ഡയറക്ടര്‍ ശങ്കര്‍ മോഹന്റെയും മൊഴി ആദ്യതവണ എടുക്കുകയും പിന്നീട് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും മെഴി എടുത്ത ശേഷം രണ്ടാമതും ശങ്കര്‍ മോഹന്റെ മൊഴി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിസഹകരണ മനോഭാവമാണ് ഡയറക്‌റുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായത്. അന്താരാഷ്ട്ര ചലചിത്രമേളയില്‍ മുറികള്‍ റദ്ദാക്കിയ നടപടി ഒഴിവാക്കണങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കുമെന്ന് എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് അടൂരിനെതിരെയും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നു. ഡയറക്ടര്‍ വീട്ടുജോലി ചെയ്യിക്കുന്നുവെന്ന് പരാതി പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാര്‍ ഉടുത്തൊരുങ്ങി ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറയുന്നത് പച്ചക്കള്ളമെന്ന് പറഞ്ഞ് ജീവനക്കാരെ അടൂര്‍ ആക്ഷേപിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെപോലെയാണ് അവര്‍ വസ്ത്രം ധരിച്ചെത്തുന്നത്. പറഞ്ഞ് പഠിപ്പിച്ച പച്ചക്കള്ളമാണ് പറയുന്നത്. അഭിമുഖങ്ങൾ നല്‍കി അവരിപ്പോള്‍ താരമായി മാറിയെന്നും അടൂര്‍ പരിഹസിച്ചു. പഠിക്കാന്‍ വന്ന വിദ്യാര്‍ഥികള്‍ പഠിക്കണം, പഠിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ സമരം ചെയ്യില്ല. പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് പോകണമെന്നും അടൂർ പറഞ്ഞു. പരാതിക്കാർക്കെതിരെ പരസ്യമായ അധിക്ഷേപം ഉണ്ടായിട്ടും അടൂരിനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശം ഒന്നുമില്ല.

ശങ്കർ മോഹൻ
'വനിതാ ജീവനക്കാര്‍ ഉടുത്തൊരുങ്ങി വന്ന് കള്ളം പറയുന്നു'; ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് അടൂര്‍

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി ശങ്കര്‍ മോഹന്‍, 2019 ല്‍ ചുമതലയേറ്റ ശേഷം കടുത്ത ജാതീയ വിവേചനങ്ങളും മാനസിക പീഡനങ്ങളും നടത്തിവരികയാണെന്ന് വിദ്യാര്‍ഥികളും ജീവനക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാട് എടുത്തതോടെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുകയായിരുന്നു. അന്താരാഷ്ട്ര ചലചിത്ര മേളയില്‍ നടന്ന പ്രതിഷേധത്തില്‍ ആഷിഖ് അബു, ജിയോ ബേബി, മഹേഷ് നാരായൺ, സജിത മഠത്തിൽ, ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങി മുൻനിര ചലച്ചിത്ര പ്രവർത്തകർ അണിനിരന്നു. എന്നിട്ടും സമരത്തെ അടിച്ചമർത്തുന്ന നടപടികളാണ് അടൂർ ഗോപാലകൃഷ്ണൻ്റെയും ശങ്കർ മോഹൻ്റെയും ഭാഗത്തുനിന്നുണ്ടായത്.

ശങ്കർ മോഹൻ
ജാതി വിവേചനം, ഭീഷണിപ്പെടുത്തി വീട്ടുജോലി; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

ഈ ആരോപണങ്ങളില്ലെങ്കിലും ശങ്കര്‍ മോഹന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടരാന്‍ അര്‍ഹതയില്ലെന്നതാണ് യാഥാര്‍ഥ്യം. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച പ്രായപരിധി 65 വയസാണെന്നിരിക്കെ 69 വയസായ ശങ്കര്‍ മോഹന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അർഹതയില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രായപരിധി സംബന്ധിച്ച് അയച്ച കത്ത് പോലും അവിടെ രേഖകളിൽ ഇല്ലെന്ന് വിദ്യര്‍ഥികള്‍ പറയുന്നു.

മുന്‍ ചീഫ് സെക്രട്ടറിയും ഐ എം ജി ഡയറക്ടറുമായ കെ ജയകുമാര്‍ ഐഎഎസ്, ന്യൂവാല്‍സ് മുന്‍ വൈസ് ചാന്‍സലറും മുന്‍ നിയമസഭാ സെക്രട്ടറിയുമായ എന്‍ കെ ജയകുമാര്‍ എന്നിവരാണ് ഉന്നതതല കമ്മീഷൻ അംഗങ്ങൾ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ ദ ഫോര്‍ത്ത് ഇവരെ സമീപിച്ചങ്കിലും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

logo
The Fourth
www.thefourthnews.in