'കെ- റെയിലിന് പകരമാകില്ല വന്ദേഭാരത്'; തമ്മിൽ താരതമ്യവും സാധ്യമല്ലെന്ന് എം വി ഗോവിന്ദൻ
കെ- റെയിലുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ റെയിൽ കേരളത്തിന് അനിവാര്യമാണ്. വന്ദേ ഭാരത്, കെ റെയ്‌ലിന് പകരമാകില്ല. ഇരു സംവിധാനങ്ങളും തമ്മിൽ താരതമ്യം പോലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ സഞ്ചരിച്ച് തിരിച്ചെത്താൻ കഴിയുന്ന പദ്ധതിയാണ് കെ റെയിൽ. അതിനെ വന്ദേഭാരത് ട്രെയിനുമായി താരതമ്യപ്പെടുത്താൻ പോലും സാധ്യമല്ല. കേരളത്തെ ഒരൊറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഇരുപത് മിനുറ്റ് കൂടുമ്പോൾ കേരളത്തിന്റെ രണ്ടുഭാഗത്തേക്കും ട്രെയിൻ സർവീസ് ഉണ്ടാകും. അതുകൊണ്ട് തന്നെ കേരളത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിൽ. കെ റെയിൽ ഇന്നല്ലെങ്കിൽ നാളെ വന്നേ തീരുവെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമണം ആർഎസ്എസുമായി ആരെങ്കിലും ചർച്ച നടത്തിയത് കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ജനങ്ങൾ ഇതെല്ലാം കൃത്യമായി മനസിലാക്കും. ആർഎസ്എസ്- ബിജെപി ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷ ഉള്ളടക്കമുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്. ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായി പോകുന്ന ആർഎസ്എസുമായി ഏതെങ്കിലും തരത്തിൽ ചർച്ച നടത്തി, ഇവിടെ ക്രൈസ്തവ ജനവിഭാഗത്തിനെതിരായ കടന്നാക്രമണം അവസാനിപ്പിക്കാനാകുമെന്ന തെറ്റിദ്ധാരണയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഏപ്രിൽ 14നാണ് കേരളത്തിലെത്തിയത്. ട്രാക്ക് പരിശോധനയും ട്രയൽ റൺ നടപടികളും പൂർത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്. ഇത് കെ റെയിലിന് ബദലെന്ന പ്രചാരണം ഒരു ഭാഗത്ത് നിന്ന് ഉയർന്നിരുന്നു.