സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം; അനുകൂലിച്ച് സെക്രട്ടറി, എതിര്‍ത്ത് പ്രസിഡന്റ്‌

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം; അനുകൂലിച്ച് സെക്രട്ടറി, എതിര്‍ത്ത് പ്രസിഡന്റ്‌

സര്‍ക്കാരിന്റെ അല്ലാതെ മറ്റാരുടെ പരസ്യം കൊടുക്കുമെന്ന് സെക്രട്ടറിയുടെ ന്യായീകരണം
Updated on
2 min read

കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിൽ ചാപ്പയായി സംസ്ഥാന സർക്കാർ പരസ്യം. എഴുത്തുകാരെ അപമാനിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലടക്കം സജീവ വിഷയം ചര്‍ച്ചയായതോടെ നടപടിയെ പ്രസിഡന്റ് കെ സച്ചിദാനന്ദൻ തള്ളിപ്പറഞ്ഞു. അതേസമയം, ന്യായീകരിക്കുന്ന നിലപാടാണ് സെക്രട്ടറി സി പി അബൂബക്കറിന്റേത്.

കേരള സാഹിത്യ അക്കാദമി അടുത്തിടെ പുറത്തിറക്കിയ കവി കെ എ ജയശീലൻ ഉൾപ്പെടയുള്ളവരുടെ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമയായുള്ള പരസ്യമുള്ളത്. ഇതിനെതിരെ നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പരസ്യമായി രംഗത്തുവന്നു. സാഹിത്യസൃഷ്ടികൾക്കുമേൽ ചാപ്പ കുത്തുന്നതും അജൻഡ നിശ്ചയിക്കുന്നതുമായ ഏർപ്പാടാണ് അക്കാദമി നടപടിയെന്നാണ് വിമർശം.

അതേസമയം, സർക്കാരിന്റെ അല്ലാതെ മറ്റാരുടെ പരസ്യമാണ് കൊടുക്കേണ്ടതെന്നായിരുന്നു അബൂബക്കർ 'ദ ഫോർത്തിനോട് ' പ്രതികരിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാ​ഗമായാണ് 30 പുസ്തകങ്ങൾ കേരള സാഹിത്യ അക്കാദമി ഇറക്കിയതെന്നും അതിൽ സർക്കാരിന്റെ പരസ്യം നൽകിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.

എന്നാൽ, സെക്രട്ടറിയെ തള്ളി വിഷയത്തില്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് അക്കാദമി പ്രസിഡന്റ് കൂടിയായ കെ സച്ചിദാനന്ദൻ. "പുസ്തകങ്ങള്‍ അച്ചടിച്ച്‌ വന്ന ശേഷം മാത്രമാണ് സെക്രട്ടറിയും പ്രസിഡന്റും അവ കാണുക. പബ്ലിക്കേഷന്‍ കമ്മിറ്റി ഏതു പുസ്തകം അച്ചടിക്കണം എന്ന് മാത്രമാണ് തീരുമാനിക്കുന്നത്. ഭരണച്ചുമതലയുള്ള സെക്രട്ടറിയോടു വിവരം തിരക്കിയപ്പോള്‍ ഒരു പ്രത്യേക സര്‍ക്കാര്‍ സ്കീമില്‍ അച്ചടിച്ച 30 പുസ്തകങ്ങള്‍ക്കാണ് അങ്ങനെ കവറില്‍ ചേര്‍ത്തത് എന്നാണ് മനസ്സിലായത്. തീര്‍ച്ചയായും ഇത് അന്വേഷിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ ഞാന്‍ ഭരണാധികാരിയായി ഉണ്ടായിരുന്ന പത്തു വർഷം ഒരൊറ്റ മന്ത്രിയെയും ഒരു പരിപാടിയിലും പങ്കെടുപ്പിച്ചിട്ടില്ല. അത്തരം ഒരു ധാരണയാണ് കേരള സാഹിത്യ അക്കാദമിയെക്കുറിച്ചും എനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഒരു സെമി- ഒട്ടോണമസ് സ്ഥാപനമാണെന്ന് മനസ്സിലാക്കുന്നു. ആ വാക്കിന്റെ അര്‍ഥം അന്വേഷിക്കുകയാണ് ഞാന്‍. ഈ ലേബലിനോട് ഞാന്‍ പരസ്യമായി വിയോജിക്കുന്നു," സച്ചിദാനന്ദൻ പറഞ്ഞു.

അക്കാദമിയുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. മാലിന്യങ്ങളിൽ നിന്നൊക്കെ മാറിനടന്ന ഒരെഴുത്തുകാരന്റെ മേൽ ഈ മാലിന്യം ഇടരുതായിരുന്നുവെന്നാണ് കവിയും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ പ്രതികരിച്ചത്. കലയെ തന്നെ ആശയപ്രചാരണ മാധ്യമമായി കാണുന്നവർ പുസ്തകച്ചട്ടയും സിനിമാ പോസ്റ്ററുകളും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നതിൽ അതിശയിക്കാൻ ഒന്നുമില്ലെന്നാണ് യുവ എഴുത്തുകാരൻ ആദിൽ മഠത്തിൽ പ്രതികരിച്ചത്.

ഈ പ്രവ‍‍ൃത്തിയെ ഒരു തരത്തിലും അം​ഗീകരിക്കാനും യോജിക്കാനും കഴിയില്ലെന്ന് സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് പി എഫ് മാത്യൂസ് പ്രതികരിച്ചു. "ശക്തമായ വിയോജിപ്പുണ്ട്. വളരെ തെറ്റായ കീഴ്വഴക്കമാണ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഒരു വലിയ എഴുത്തുകാരനെ അവഹേളിക്കുന്നതിന് തുല്യമായിട്ടാണ് ഞാനിതിനെ കാണുന്നത്. ഇത്തരത്തിലാണെങ്കിൽ സർക്കാരിന്റെ പരസ്യം തന്നെ വേണമെന്നില്ലല്ലോ ഏത് പരസ്യം വേണമെങ്കിലും ചേർക്കാമല്ലോ. പുസ്തകം ഒരു വ്യക്തിയുടെ കലാസൃഷ്ടിയാണ്. കെ എ ജയശീലനെപ്പോലെ വലിയൊരു കവിയെ അവഹേളിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ അറിവോടെയല്ല ഇത് നടന്നിരിക്കുന്നത്. ഇത്തരത്തിലുളള കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കുമോയെന്നുപോലും എനിക്ക് സംശയമുണ്ട്. നമ്മൾ വളരെയധികം ബഹുമാനിക്കുന്ന വലിയൊരു കവിയാണ് അദ്ദേഹം," മാത്യൂസ് പറഞ്ഞു.

സി പി അബൂബക്കറിന്റെ പരാമർശത്തെയും മാത്യൂസ് വിമർശിച്ചു. കാലങ്ങളായി പുസ്തകങ്ങളിൽ അതിന്റെ പഠനം നടത്തിയവരുടെ വരികളോ അല്ലെങ്കിൽ അത് സംബന്ധിച്ച ഒരു ബ്ലർബോ ആണ് കൊടുത്ത് വന്നിരുന്നത്. ആ കീഴ്വഴക്കം മാറ്റി സർക്കാരിന്റെ പരസ്യം കൊടുക്കുന്നത് അം​ഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. വായനക്കാരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും സാഹിത്യ അക്കാദമിയുടെ ഈ പ്രവൃത്തിയോട് തീർത്തും വിയോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ കാലത്ത് നെഹ്രുവിന്റെ ജനാധിപത്യത്തെക്കുറിച്ചൊക്കെ സംസാരിക്കുന്ന സച്ചിദാനന്ദനെ പോലുളള മനുഷ്യർ സാഹിത്യ അക്കാദമിയിൽ ഇരിക്കുമ്പോഴാണ് ഇത്തരത്തിലുളള സംഭവങ്ങൾ നടക്കുന്നതെന്ന് കവിയും എഴുത്തുകാരനുമായ കരുണാകരൻ പറഞ്ഞു.

"വലിയൊരു കവിയുടെ പുസ്തകം ഇത്തരത്തിലൊരു പരസ്യവാചകത്തിലൂടെ പ്രസിദ്ധീകരിക്കുന്നത് കഷ്ടമാണ്. സ്വേച്ഛാധിപത്യം നമുക്കിടിയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാകുന്നില്ല. ജനാധിപത്യത്തിന് ഒരിക്കലും പാകപ്പെടാതെ പോയ ഒരു സമൂഹമാണ് കേരളം. അടിയന്തരാവസ്ഥാ കാലത്ത് വീണ്ടും ഇന്ദിരാ​ഗന്ധിയെ ജയിപ്പിക്കുന്നത് തന്നെ അതിനുദാഹരണമാണ്. മോദി വന്നതോടെ ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയും വൈസ് പ്രസിഡന്റും പാർട്ടി ദാസ്യന്മാരാണ്. എന്നാൽ സച്ചിദാനന്ദനെ അങ്ങനെ കാണാൻ ആകില്ലല്ലോ", കരുണാകരൻ പറഞ്ഞു. ഇനി ഞാൻ പ്രതീക്ഷിക്കുന്നത് കവിയും കേരള സാഹിത്യ അക്കാദമി അധ്യ ക്ഷനുമായ സച്ചിദാനന്ദൻ ഇതേ പിണറായി സർക്കാർ പരസ്യ വാചകമെഴുതിയ ടീ-ഷർട്ടോടെ കേരളത്തിന്റെ സാംസ്കാരിക സദസ്സുകളിൽ പ്രത്യക്ഷപ്പെടുമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നിലവിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം അക്കാദമിയുടെ സെക്രട്ടറിയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സാംസ്കാരിക പ്രവർത്തകൻ ദ ഫോർത്തിനോട് പ്രതികരിച്ചു. സെക്രട്ടറി അറിയാതെ ഒരു കാര്യവും അക്കാദമിയിൽ നടക്കില്ല. കുറച്ചു കാലങ്ങളായി സാഹിത്യത്തിനുളള അവാർഡുകൾ കൊടുക്കുന്നത് പോലും മന്ത്രിമാരാണ്. എന്നാൽ ഇത് നൽകേണ്ടത് അക്കാദമിയുടെ അധ്യക്ഷനാണ്. സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരോട് നെഹ്രുവും ഇഎംഎസും കാണിച്ച ആദരവ് കേരളത്തിലെ മുഖ്യമന്ത്രിമാരിൽ നിന്നോ മറ്റാരിൽ നിന്നോ ഇതുവരെയും ഉണ്ടായിട്ടില്ല. നിലവിൽ സംഭവിച്ചിരിക്കുന്ന വീഴ്ച അക്കാദമിയിലെ പലരും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ സിനിമയുടെ പോസ്റ്ററിൽ മുഖ്യമന്ത്രിയുടെയും സാംസ്കാരിക വകുപ്പ് മന്ത്രിയുടെയും ഫോട്ടോ ഇടംപിടിച്ചിരുന്നു. ഇതിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

logo
The Fourth
www.thefourthnews.in